കൊല്‍ക്കത്ത: മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ കേസെടുത്ത് പോലീസ്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പോലീസാണ് കെ.കെയുടെ അസ്വാഭാവിക മരണത്തിൽ കേസെടുത്തിരിക്കുന്നത്. കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കേസെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രിയാണ് കെ.കെ മരിച്ചത്. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
‘ഗായകൻ കെ.കെയുടെ മരണത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂ മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഹോട്ടൽ അധികൃതരുമായി സംസാരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അന്വേഷണം നടന്നുവരികയാണ്’, പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. സംഗീത പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി ഇന്ന് രേഖപ്പെടുത്തും. കെ.കെ. എന്ന പേരില്‍ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന കൃഷ്ണകുമാര്‍ കുന്നത്ത് ബോളിവുഡ് അടക്കം നിരവധി ഭാഷകളില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
Post Your Comments