ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കിയ കുറ്റവും ശിക്ഷയും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരനുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ഇപ്പോളിതാ, സിനിമയെക്കുറിച്ച് സമൂഹ മാധ്യമത്തിൽ ബിനീഷ് കോടിയേരി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഉത്തരേന്ത്യയിലെ ന്യൂനപക്ഷക്കാരന്റെ ജീവിതം എത്രത്തോളം ഭയാനകമാണെന്ന് കുറ്റവും ശിക്ഷയും എന്ന സിനിമയിൽ സംവിധായകൻ വരച്ചു കാണിക്കുന്നത്,
ചിലരെ അലോസരപ്പെടുത്തുന്നുണ്ടെന്നാണ് ബിനീഷ് പറയുന്നത്. എന്നാൽ, കേരളം പോലൊരു മതേതര സംസ്ഥാനത്തിൽ രാജീവ് രവിയെ പോലുള്ള കലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും ചേർത്തുപിടിക്കുമെന്നും ബിനീഷ് ഫേസ്ബുക്കിൽ എഴുതി.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കാലത്തോട് നിരന്തരം കലഹിയ്ക്കുന്നവൻ ആണ് കലാകാരൻ , കാലത്തോട് മാത്രമല്ല അനീതിയോടും. അതുകൊണ്ട് തന്നെ മനുഷ്യനെ മനുഷ്യനായി കാണുന്ന അങ്ങനെ ഉള്ള ഒരാൾ സിനിമ , എഴുത്ത് ,വായന എന്നിങ്ങനെ സകലമേഖലകളും ഇടപെടുമ്പോൾ അത് രാഷ്ട്രീയ പ്രവർത്തനം ആയി മാറുകയാണ് , രാഷ്ട്രീയ പ്രവർത്തനം എന്നത് താൻ ഇടപെടുന്ന മേഖലയിലൂടെ വർത്തമാന കാലഘട്ടത്തിന്റെ സാമൂഹ്യ അവസ്ഥ എന്നത് എന്ത് എന്ന് പറഞ്ഞു പോകുന്നവനായിരിക്കും , അത് കൊണ്ട് തന്നെയാണ് വർഗീയ ഫാസിസത്തിന് എതിരെ രാഷ്ട്രീയ ബോധം ഉള്ള കലാകാരന്മാർ നിരന്തരം കലാപം നടത്തുന്നതും . സഖാവ് രാജീവ് രവി ഒരു ചിത്രം പുറത്തിറക്കുമ്പോൾ അതിൽ തീർച്ചയായും കാവി ഭീകരതയുടെ ആഴം നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്ന് പറയാതെ പോകില്ലല്ലോ. ഉത്തരേന്ത്യയിലെ ന്യൂനപക്ഷക്കാരന്റെ ജീവിതം എത്രത്തോളം ഭയാനകമാണെന്ന് കുറ്റവും ശിക്ഷയും എന്ന സിനിമയിലെ ഒറ്റ സീനിൽ രാജീവ് രവി വിവരിയ്ക്കുന്നുണ്ട് , അതാണ് സത്യവും . അത് കൊണ്ട് തന്നെ ആ ചിത്രം പലരെയും അലോസരപ്പെടുത്തും . അതുകൊണ്ട് തന്നെ വളരെ നിശ്ശബദ്ധമായെങ്കിലും ഇത്തരത്തിലുള്ള സിനിമകളെ ഇല്ലായ്മ ചെയ്യുവാനുള്ള തീവ്ര ശ്രമങ്ങളും നടക്കുന്നു. ഇന്നിന്റെ ഇന്ത്യ ഞങ്ങൾ പറയുന്നതുപേലെയാണ് അതിനപ്പുറത്തേക്കുള്ള ഒന്നും നിങ്ങൾ അറിയുവാനോ പറയുവാനോ പാടില്ല, ഞങ്ങൾ വരച്ചുകാട്ടുന്ന ഇന്ത്യയിലൂടെ നിങ്ങളൊക്കെ നടന്നാൽ മതി എന്ന തിട്ടൂരമാണ് ഇത്തരത്തിലെ സംഘടിത ശ്രമങ്ങളിലൂടെ നടത്തുന്നത് .
ന്യൂനപക്ഷത്തെ ചേർത്തു നിർത്തേണ്ടത് അല്ലെങ്കിൽ അവരോടുള്ള നിലപാടുകൾ എടുക്കേണ്ടത് ന്യൂനപക്ഷ വർഗ്ഗീയത മുറുകെ പിടിക്കുന്ന വിഭാഗങ്ങളുടെ ജല്പനങ്ങൾ കേട്ടല്ല . നല്ല ദീനി ബോധമുള്ള മുസ്ലിമുകൾ ഒരു തരത്തിലും തങ്ങളോട് ചേർത്തു നിർത്താത്തവരാണ് ഈ പറഞ്ഞ ന്യൂനപക്ഷ വർഗ്ഗീയ വാദികൾ .
പക്ഷെ ഈ മണ്ണ് , കേരളം മതേതരത്വത്തിന്റെ മണ്ണാണ് , കാവിവൽക്കരണത്തിനു ശ്രമിയ്ക്കുന്നവരെ ആർജവത്തോടെ പരാജയപ്പെടുത്തിയ മണ്ണാണ് . ഈ നാടിനു രാജീവ് രവിയെ പോലെ ഉള്ള കലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും ചേർത്തു പിടിയ്ക്കാനും സംരക്ഷിയ്ക്കാനും കൃത്യമായി അറിയാം എന്ന് ആവർത്തിച്ചു നമ്മൾ ബോധ്യപ്പെടുത്തി കൊടുത്തു കൊണ്ടേ ഇരിയ്കും..
എപ്പോഴും നമ്മൾ സ്വയം പറയേണ്ടുന്ന ഒന്ന് നിശ്ശബ്ദരായിരിക്കാൻ നമുക്കെന്തവകാശം എന്നാണ് …
Post Your Comments