കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്ന വിഎച്ച്പി റാലിയിൽ പെൺകുട്ടികൾ വാളുകളേന്തി പ്രകടനം നടത്തിയിരുന്നു. നെയ്യാറ്റിൻകര കീഴാറൂറിലാണ് ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുർഗ്ഗാവാഹിനിയുടെ പഥസഞ്ചലനം നടന്നത്. ദുർഗ്ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പ്രകടനം.
ഇപ്പോളിതാ, പ്രകടനത്തെ വിമർശിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളുടെ കയ്യിൽ വാൾ ആല്ല പുസ്തകമാണ് കൊടുക്കേണ്ടതെന്നും, പകയും, പ്രതികാരവും വിദ്വേഷവും അല്ല പകരം സമാധാനവും സാഹോദര്യവുമാണ് പറഞ്ഞു കൊടുക്കേണ്ടതെന്നുമാണ് ഹരീഷ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പിള്ളേരുടെ കയ്യിൽ വാൾ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല, സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ… ‘, എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
പ്രകടനത്തിനെതിരെ എസ്ഡിപിഐ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസാണ് പരാതി നൽകിയത്. എന്നാൽ, പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്ത്രീകൾക്കിടയിൽ ആയുധ പരിശീലനം നടത്തുന്ന ഭീകരവാദ സംഘടനയായ ദുർഗ്ഗാവാഹിനിയുടെയും ആർഎസ്എസിന്റെയും നേതൃത്വങ്ങൾക്കെതിരെ നിയമ നടപടി എടുക്കണമെന്നാണ് പരാതി.
Post Your Comments