ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിന്റെ നെയിംപ്ലേറ്റ് കാണാനില്ല. താരത്തിന്റെ ബാന്ദ്രയിലെ വസതിയിലെ ‘മന്നത്ത്’ എന്നെഴുതിയ നെയിംപ്ലേറ്റ് ആണ് നഷ്ടപ്പെട്ടത്. മുംബൈയിലെ വീട്ടിലേക്ക് തന്റെ ഭാര്യ 25 ലക്ഷം രൂപ വിലമതിക്കുന്ന നെയിംപ്ലേറ്റ് ഡിസൈന്‍ ചെയ്തിട്ടുണ്ടെന്നും ‘മന്നത്ത്’ എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും ഷാരൂഖ് ഏപ്രിൽ മാസത്തിൽ ആരാധകരോട് പറഞ്ഞിരുന്നു. ഈ നെയിംപ്ലേറ്റ് കാണാനില്ലെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുംബൈയിലെ തന്നെ ആരാധകരെ ഏറ്റവും ആകർഷിക്കുന്ന ഒരു ടൂറിസ്റ്റ് സ്പോട്ടാണ് ഷാരൂഖ് ഖാന്റെ വീട്. അടുത്തിടെയാണ് പ്രധാന ഗേറ്റിന് പുറത്ത് പുതിയ നെയിംപ്ലേറ്റ് ആരാധകരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് വീടിന്റെയും നെയിംപ്ലേറ്റിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പിന്നീടാണ് ഇത് ഗൗരി ഖാന്റെ ഡിസൈൻ തന്നെയാണ് എന്ന വിവരം പുറത്ത് വന്നത്.
നെയിംപ്ലേറ്റിൽ നിന്ന് ഒരു വജ്രം താഴെ വീണിരുന്നു, അതിന്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കൊണ്ടു പോയതായിരിക്കാമെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.
സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ‘പത്താൻ’ ആണ് ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം. ജോൺ അബ്രഹാം, ദീപിക പദുക്കോൺ എന്നിവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. 2023 ജനുവരി 25ന് ചിത്രം പ്രദർശനത്തിനെത്തും.
Post Your Comments