കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരമാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം. കേരളത്തിലെ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, സുരേഷ് ഗോപി പാർലമെന്റിൽ പ്രസംഗിച്ചത് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. ആദിവാസി ഊരുകളിലേക്കു പോകണമെങ്കിൽ, സംസ്ഥാന സർക്കാരിന്റെ അനുവാദം വേണമെന്ന ഉത്തരവിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.
പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമല്ലാം ദലിതർക്കും ആദിവാസികൾക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾ, സംസ്ഥാന സർക്കാർ ഇടപെട്ട് തടഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി. ആദിവാസികൾ നേരിടുന്ന അവഗണനകളുമായി ബന്ധപ്പെട്ട സത്യം പാർലമെന്റിൽ വിളിച്ചുപറഞ്ഞതിന്, ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയതായും അദ്ദേഹം പറഞ്ഞു.
‘ഇനിമുതൽ ആദിവാസി ഊരുകളിലേക്കു പോകണമെങ്കിൽ, അവരുടെ ഓശാരം വേണമെന്ന ഉത്തരവ് ഈ അധമ ഭരണം പുറത്തിറക്കിയിട്ടുണ്ട്. സൗകര്യമില്ല. ആ അനുവാദമില്ലാതെ തന്നെ പോകും, ഇത് എന്റെ മണ്ണാണെങ്കിൽ… ഒരു സിനിമയിൽ ഒരു പക്ഷത്തുനിന്നുകൊണ്ട് പറയുന്നുണ്ടല്ലോ, ഇത് ആരുടെയും വകയല്ലെന്ന്.. അതുതന്നെയാണ് ഇവിടെയും എനിക്ക് പറയാനുള്ളത്.’ സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments