CinemaGeneralIndian CinemaLatest NewsMollywood

ജനങ്ങൾ സിനിമ സ്വീകരിച്ചു, അത് തന്നെയാണ് ഏറ്റവും വലിയ അവാർഡ്: ‘ഹോം’ സംവിധായകൻ പറയുന്നു

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ നിന്നും ‘ഹോം’ സിനിമ തഴയപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. നിരവധി പേരാണ് സിനിമയെ പിന്തുണച്ച്  രം​ഗത്തെത്തുന്നത്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്. അവാർഡ് കിട്ടിയില്ലെന്നോർത്ത് വിഷമമൊന്നുമില്ലെന്നും, എന്തുകൊണ്ടാണ് അവാർഡ് നൽകാതിരുന്നതെന്നു പറയാത്തതിൽ വിഷമമുണ്ടെന്നുമാണ് റോജിൻ പറയുന്നത്.

റോജിൻ തോമസിന്റെ വാക്കുകൾ:

‘ഹോം’ സിനിമ അവസാന റൗണ്ടിൽ എത്തിയെന്ന് അവാർഡിന്റെ തലേദിവസം വരെ പല ചാനലുകളിലും കേട്ടിരുന്നു. ആ നിമിഷം മാനുഷികമായ രീതിയിൽ നമ്മളും ആഗ്രഹിച്ചുപോയിരുന്നു. അത് ആർക്കാണെങ്കിലും സ്വാഭാവികമായി തോന്നുന്നതാണ്. പക്ഷേ, അവാർഡ് കിട്ടിയില്ല എന്നോർത്ത് വിഷമമില്ല. എന്തുകൊണ്ടാണ് അവാർഡ് നൽകാതിരുന്നതെന്നു പറയാത്തതിൽ വിഷമമുണ്ട്.

ജനങ്ങളുടെ ഹൃദയത്തിൽ അവർ ഈ ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. അതിന്റെ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നതും. ജൂറിയിലെ നാലോ അഞ്ചോ പേരെ സംവിധായകനെന്ന നിലയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി എന്ന കാര്യത്തിൽ മാത്രമാണ് വിഷമം.

നിർമ്മാതാവിനെതിരായ കേസിന്റെ പേരിലാണ് ’ഹോം’ മാറ്റി നിർത്തപ്പെട്ടതെങ്കിൽ, അത് മാറ്റേണ്ട പ്രവണതയാണ്. എന്നാൽ, അക്കാരണം കൊണ്ടല്ല ചിത്രത്തിന് അവാർഡ് ലഭിക്കാത്തതെന്ന് ജൂറി പറഞ്ഞിരുന്നു. സത്യാവസ്ഥ അറിയില്ല. ആളുകളുടെ പ്രതികരണം വലിയതോതിൽ വന്നതിനു ശേഷമാണ് അവർ ഒരു വിശദീകരണം നൽകിയത്. ‌

അവാർഡ് പ്രഖ്യാപനം വന്ന ശേഷം ജൂറി അംഗങ്ങളോട് മാധ്യമപ്രവർത്തകരും ഇക്കാര്യം ചോദിച്ചിരുന്നു. ഈ സിനിമ എന്തുകൊണ്ട് മാറ്റിനിർത്തപ്പെട്ടു എന്ന് അപ്പോൾ അവർ പറഞ്ഞില്ല. അതിൽ മാത്രമാണ് പ്രതിഷേധമുള്ളത്.

shortlink

Related Articles

Post Your Comments


Back to top button