CinemaGeneralIndian CinemaLatest NewsMollywood

ആ രാത്രിയിൽ ഒടുവിൽ ഉണ്ണികൃഷ്ണനെ ആദ്യമായി കണ്ടപ്പോൾ വിഷമം തോന്നി: ഓർമ്മക്കുറിപ്പുമായി റഫീക് സീലാട്ട്

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളി മനസിൽ ഇടം പിടിച്ചു. പ്രിയ നടൻ ഓർമ്മയായിട്ട് പതിനാറ് വർഷം തികയുകയാണ്. ഇപ്പോളിതാ, ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ റഫീക് സീലാട്ട്. ആദ്യമായി ഒടുവിലിനെ നേരിൽ കാണാൻ ചെന്നപ്പോളുണ്ടായ അനുഭവമാണ് റഫീക്ക് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

റഫീക് സീലാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മലയാള ചലച്ചിത്ര മേഖലയുടെ നടന വിസ്മയം ഒടുവിൽ ഉണ്ണികൃഷ്ണൻ യാത്ര പറഞ്ഞിട്ട് ഇന്ന് 16 വർഷം. ചലച്ചിത്ര മേഖലയിൽ പലരും അദ്ദേഹത്തെ ഒടുവിലാൻ എന്നാണ് വിളിച്ചിരുന്നത്.സത്യത്തിൽ അദ്ദേഹം ഒടുവിലാൻ തന്നെയായിരുന്നു. അദ്ദേഹത്തിന് ശേഷം നാളിത് വരെ ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള ഒരു അഭിനേതാവിനെ നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

ഒരു വടവൃക്ഷമായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ.നേരിൽ ആദ്യമായി കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റേയും കമലിന്റേയുമൊക്കെ സിനിമകളിൽ കണ്ട് മതി മറന്ന വാചാലനായ ആ നാട്ടുമ്പുറത്തുകാരൻ.വള്ളുവൻ നാടൻ ഭാഷ സ്ഫുടതയോടെ സംസാരിക്കുന്ന അദ്ദേഹം കഥാപാത്രമായി മാറുമ്പോൾ തൊട്ടയൽപക്കത്തെ കുമാരേട്ടനേയും നാട്ടു വഴിയിലൂടെ സൈക്കിളിൽ പറക്കുമ്പോൾ ബീഡി പുകച്ചു വിട്ട് കൽക്കരി തീവണ്ടിയെപ്പോലെ ചായപ്പീടികയിലിരുന്ന് ചൂളം വിളിച്ച് തർക്കിച്ച് പിന്നെ ചിരിച്ച് പറ്റിൽ വരവ് വെച്ച് ചീറിപ്പായുന്ന അമ്പലക്കമ്മിറ്റി സെക്രട്ടറി നായരേട്ടനുമൊക്കെ മനസ്സിൽ ഓടിക്കൂടുമായിരുന്നു.

നേരിൽ കണ്ടത് ഒരു രാത്രിയിലാണ്. മുറിയിലെ ലൈറ്റിടാൻ അനുവദിച്ചില്ല. പ്രകാശത്തോട് ഏറെ പ്രിയമില്ല. അന്ധകാരമാണ് നല്ലത്. എനിക്ക് താങ്കളെ കാണാം. പരിചയപ്പെടുത്തി. നാളെ തുടങ്ങുന്ന സിനിമയുടെ എഴുത്തുകാരനാണ്. കേട്ടിട്ടുണ്ട്. നമുക്ക് നാളെ കാണാം. വലിയ വിഷമം തോന്നി. ഏറെ പ്രതീക്ഷിച്ചാണ് വന്നത്. അതിരാവിലെ എഴുന്നേറ്റു ലോക്കേഷനിൽ ചെന്നു.

സംവിധായകൻ ആദ്യം ഷൂട്ട് ചെയ്തത് അദ്ദേഹത്തിന്റെ സീൻ ആയിരുന്നു. കഥാപാത്രമായി മാറിയ അദ്ദേഹത്തിന്റെ ആ പെർഫോമൻസ് കണ്ടപ്പോൾ രാത്രി കണ്ട് പരിചയപ്പെട്ടയാളല്ല എഴുതി തീർത്ത ആ വലിയ തിരുമേനിയുടെ നർമ്മ ഭാവം വെടിയാത്ത കാര്യസ്ഥൻ. പെർഫോമൻസ് കണ്ടപ്പോൾ മനസ്സ് ഒന്ന് ശാന്തമായത് പോലെ. ബ്രേക്കിനിടയിൽ ഒരു ബീഡി കത്തിച്ച് എന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു. രാത്രിയായാൽ വെളിച്ചവും ശബ്ദങ്ങളും ശബ്ദ കോലാഹലങ്ങളും അലർജ്ജിയാണ്. മിണ്ടാതെ കണ്ണടച്ചിരിക്കാ നല്ല സുഖാ. പിന്നീട് ഞങ്ങൾ കൂടുതൽ അടുത്തു.ചർച്ചകൾ പലതും നാടൻ കലാരൂപങ്ങളെക്കുറിച്ചായിരുന്നു. അറിവുകൾ പലതും കൈമാറി. പല യാത്രകളും ഒന്നിച്ചു ചെയ്തിട്ടുണ്ട്.

രോഗാവസ്ഥയിലും അദ്ദേഹത്തെ കാണാനും അവസരം ലഭിച്ചു. ഈ മഹാപ്രതിഭയുടെ പ്രകടനങ്ങൾക്ക് മുന്നിൽ കട്ട് പറയാൻ പോലും മറന്നു പോയ നിരവധി സംവിധായകരുണ്ട്.
അവർക്ക് ഒരിക്കലും ഈ മഹാ പ്രതിഭയെ മറക്കാൻ കഴിയില്ല. ഒപ്പം നല്ല സിനിമകളേയും നമുക്ക് ചുറ്റുമുള്ള നാം കണ്ട് മറന്ന കഥാപാത്രങ്ങളായി മാറാൻ കഴിവുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനേയും മലയാളി പ്രേക്ഷകർ എന്നും മറക്കാതെയോർക്കും.
പ്രണാമം…
റഫീക് സീലാട്ട്.

shortlink

Related Articles

Post Your Comments


Back to top button