അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുരസ്കാര നിർണയത്തിൽ ‘ഹോം’ എന്ന സിനിമ തഴയപ്പെട്ടതിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയ മഞ്ജു പിള്ള. ചിത്രത്തിൽ താരം അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
‘ഹോം’ എന്ന സിനിമയെ ജൂറി കാണാതെ പോയതിൽ വിഷമമുണ്ടെന്നാണ് മഞ്ജു പിള്ള പറയുന്നത്. പുരസ്‌കാരം ലഭിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ഏറ്റുവാങ്ങിയേനെ എന്നും, കിട്ടാത്തതിൽ വിഷമം ഇല്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
മഞ്ജു പിള്ളയുടെ വാക്കുകൾ:
‘ഹോം’ എന്ന സിനിമയെ ജൂറി കാണാതെ പോയതിൽ വിഷമമുണ്ട്. സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. ഒടടി റിലീസ് ആയിട്ട് പോലും ജനം ചിത്രം ഏറ്റെടുത്തതാണ്. അത് നേരിട്ടനുഭവിച്ചവരാണ് ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും. അതുകൊണ്ട് തന്നെ ‘ഹോം’ പോലൊരു നല്ല സിനിമയെ കാണാതെ പോയല്ലോ എന്നുള്ള സങ്കടം ഉണ്ട്.
അവാർഡ് കിട്ടാത്തതിൽ വ്യക്തിപരമായി വിഷമം ഒന്നുമില്ല. കിട്ടും എന്നുള്ള പ്രതീക്ഷയുമില്ലായിരുന്നു. ഞാൻ ലൈഫിൽ ഒന്നും അങ്ങനെ പ്രതീക്ഷിക്കാത്ത ആളാണ്. അപ്പോൾ നമുക്ക് അത് കിട്ടാതെ വരുമ്പോൾ വിഷമിക്കാൻ പാടില്ലല്ലോ. എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ അത് സന്തോഷത്തോടെ വാങ്ങും. അത് മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ. സംസ്ഥാനത്തിന്റെ ഒരു വലിയ പുരസ്കാരത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടല്ലോ എന്നുള്ള സന്തോഷമാണ് എനിക്കുള്ളത്.
Post Your Comments