മലയാള സിനിമയിലെ വിജയക്കൂട്ടുകെട്ടാണ് ജീത്തു ജോസഫും മോഹൻലാലും. ദൃശ്യം 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് ട്വൽത്ത് മാൻ. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ അടുത്തിടെയാണ് ചിത്രം റിലീസായത്. മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 തുടങ്ങിയ ത്രില്ലറുകൾ മലയാളികൾക്ക് സമ്മാനിച്ച ജീത്തു ജോസഫ് പുതിയ ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.
കോളേജ് കാലം മുതലേ ഒന്നിച്ചായിരുന്ന സുഹൃത്തുക്കളും കുടുംബവും ഒരു റിസോര്‍ട്ടിലെത്തുന്നതും, അവിടെ വെച്ച് നടക്കുന്ന കൊലപാതകവും, തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇപ്പോളിതാ, ചിത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. ട്വൽത്ത് മാൻ മോഹന്‍ലാലിനെ നായകനാക്കി എഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഈ ചിത്രം മലയാളത്തില്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീത്തു ജോസഫിന്റെ വാക്കുകൾ:
ഈ ചിത്രം ലാലേട്ടനെ വെച്ച് ചെയ്യണമെന്നൊന്നും അന്ന് ആലോചിച്ചിട്ടില്ല. വേറെ ഏതെങ്കിലും ഭാഷയിൽ ആലോചിക്കാമെന്നാണ് കരുതിയത്. കോവിഡ് മഹാമാരി തീര്‍ന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അങ്ങനെ ഇരിക്കെ ഏതെങ്കിലും കൊച്ചു സബ്ജക്ട് ഉണ്ടെങ്കില്‍ പറയണേ എന്ന് ഒരു ദിവസം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരു സാധനമുണ്ട് പക്ഷേ, ലാലേട്ടന്‍ ചെയ്യുമോ എന്ന് അറിയില്ല എന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.
പിന്നെ ഞാൻ ഈ കഥ പറഞ്ഞു. ലാലേട്ടന് കോണ്‍സപ്റ്റ് ഇഷ്ടപ്പെട്ടു. പക്ഷേ, ലാലേട്ടന് തീരെ സ്‌ക്രീന്‍ ഇല്ലാത്തതു പോലെ തോന്നി. പിന്നെ ഒന്നും ചെയ്യാനില്ലാത്ത പോലെ. അങ്ങനെ ഇരുന്ന് വീണ്ടും ആലോചിച്ച് അതിനകത്തേക്ക് ഇങ്ങനെ ഒരു ക്യാരക്ടറൈസേഷന്‍ വര്‍ക്ക് ചെയ്ത് എടുത്തു. ആദ്യം എനിക്ക് പേടിയുണ്ടായിരുന്നു. അത് ഫോഴ്‌സ്ഡ് ആകുമോ എന്ന്. എന്നാല്‍, പിന്നീട് വന്നപ്പോള്‍ പുള്ളിയുടെ കഥാപാത്രം തന്നെ ഒരു സസ്‌പെക്ട് ആയി മാറി. അതോടെ അദ്ദേഹവും ഓക്കെ ആയി.
Post Your Comments