സംസ്ഥാന ചലച്ചിത്ര അവാർഡിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയലക്ഷ്യത്തോടെ: എ കെ ബാലൻ

അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടങ്ങി. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായെത്തിയ ഹോം എന്ന സിനിമയ്ക്ക് അവാർഡ് നൽകാത്തതിലുള്ള വിവാദമാണ് സോഷ്യൽ മീഡിയയിലും മറ്റും നിറയുന്നത്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവും മുൻ
മന്ത്രിയുമായ എ കെ ബാലൻ. അവാർഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങൾ ബോധപൂർവം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംസ്ഥാന സർക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും, ജൂറിയുടെ സ്വതന്ത്രമായ വിലയിരുത്തൽ അനുസരിച്ചാണ് അവാർഡുകൾ നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ കെ ബാലന്റെ പ്രതികരണം.

എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സംസ്ഥാന ചലച്ചിത്ര അവാർഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങൾ ബോധപൂർവം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണ്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംസ്ഥാന സർക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊന്നും ചെയ്യാൻ കഴിയില്ല. ജൂറിയുടെ സ്വതന്ത്രമായ വിലയിരുത്തൽ അനുസരിച്ചാണ് അവാർഡുകൾ നിശ്ചയിക്കുന്നത്.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മികച്ച നടനുള്ള അവാർഡ് ആദ്യം നൽകിയത് ഇന്ദ്രൻസിനാണ്; ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിന്. പിന്നീട് കമ്മട്ടിപ്പാടത്തിലെ വിനായകൻ, ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ്, സുഡാനി ഫ്രം നൈജീരിയയിലെ സൗബിൻ, ഞാൻ മേരിക്കുട്ടിയിൽ അഭിനയിച്ച ജയസൂര്യ(സംയുക്തം) എന്നിവർക്കും മികച്ച നടൻമാർക്കുള്ള അവാർഡുകൾ ലഭിച്ചു.

ജൂറിയുടെ നിഗമനങ്ങളെയും തീരുമാനത്തെയും ഒരു രൂപത്തിലും സ്വാധീനിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടൽ നടന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ഷാഫി പറമ്പിൽ അടക്കം ഇതിനുപിന്നിൽ രാഷ്ട്രീയമായ തീരുമാനമുണ്ടെന്നു പറഞ്ഞതുകൊണ്ടാണ് ഈ കുറിപ്പെഴുതാൻ നിർബന്ധിക്കപ്പെട്ടത്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഏതു വഴിവിട്ട മാർഗവും ഇവർ സ്വീകരിക്കുമെന്നതിന്റെ തെളിവാണിത്.

ഇന്ദ്രൻസിന് അവാർഡ് കൊടുത്ത സമയത്തും ഇതേപോലെ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ട്, എന്നാൽ പൊതുസമൂഹം അതിനെയൊക്കെ അവജ്ഞയോടെ തള്ളുകയാണുണ്ടായത്. നമ്മളെല്ലാം ബഹുമാനിക്കുന്ന,നല്ല അഭിനേതാവായി ഇന്ദ്രൻസിന്റെ പേരിലാണല്ലോ സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഈ പ്രചാരണം നടത്തുന്നത്. ഇന്ദ്രൻസും ചില പരാമർശങ്ങൾ നടത്തിയതായി കണ്ടു. എനിക്ക് വ്യക്തിപരമായി ഏറെ സൗഹൃദമുള്ള വ്യക്തിയാണ് ഇന്ദ്രൻസ്. ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും ഇന്ദ്രൻസിന് ഉണ്ടാകേണ്ടതില്ല.,അദ്ദേഹത്തെ നല്ല രൂപത്തിൽ പ്രോത്സാഹിപ്പിക്കുന്നതിലും ആദരിക്കുന്നതിലും മറ്റാരേക്കാളും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഇടതുപക്ഷക്കാരും ഈ ഗവൺമെന്റും. ഈ സിനിമ കാണാതെയാണ് ഹോമിനെ വിലയിരുത്തിയതെന്ന പരാമർശത്തെക്കുറിച്ച് ജൂറി ചെയർമാനും പ്രമുഖ സംവിധായകനുമായ സയ്യിദ് മിർസ പ്രതികരിച്ചിട്ടുണ്ട്. സയ്യിദ് മിർസയുടെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് അവസാനവട്ട വിലയിരുത്തൽ നടത്തിയത്. അതിനുമുമ്പ് ജൂറി രണ്ടായി പിരിഞ്ഞാണ് മൊത്തം സിനിമകളും കണ്ടത്. അങ്ങനെ തെരഞ്ഞെടുത്തതാണ് ഈ 29 സിനിമകൾ. അതിനു പുറമെ രണ്ടു സിനിമകളും. ഇക്കാര്യങ്ങളെല്ലാം വളരെ ബോധ്യപ്പെടാവുന്ന രൂപത്തിൽ സയ്യിദ് മിർസ പൊതുസമൂഹത്തിന്റെ സംശയം ദൂരീകരിക്കാൻ വേണ്ടി പറഞ്ഞിട്ടുണ്ട്. അത് വിശ്വാസത്തിലെടുക്കേണ്ടതാണ്.

ഗവൺമെൻറ് ചെയ്ത എല്ലാ കാര്യങ്ങളെയും വിമർശിക്കുകയും മഞ്ഞക്കണ്ണോടുകൂടി കാണുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ഈയൊരു പ്രചാരണം ആവശ്യമായിരിക്കാം. കൊതുകിന് എപ്പോഴും ചോര തന്നെയാണല്ലോ കൗതുകം. ഗവണ്മെന്റിനോ അക്കാദമിക്കോ ഒരു രൂപത്തിലും ഇടപെടാൻ കഴിയുന്ന തരത്തിലല്ല ജൂറിയുടെ ഘടനയെന്ന് സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയെന്ന നിലയിൽ എനിക്ക് നേരിട്ട് അറിയുന്നതാണ്‌. ഞങ്ങളാരും ഏതെങ്കിലും പ്രശ്നവുമായി ബന്ധപ്പെട്ട് അതിലൊരാളോട് പോലും സംസാരിക്കാറില്ല. അത് മനസ്സിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്നാണ് അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമെന്ന നിലയിൽ ഇന്ദ്രൻസിനോട് പറയാനുള്ളത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സാംസ്കാരിക വകുപ്പ് രണ്ട് നവാഗതരായ വനിതാ സംവിധായകർക്ക് സിനിമയെടുക്കാൻ ഒന്നര കോടി രൂപ വീതം സഹായധനം നൽകിയിരുന്നു. അതുപയോഗിച്ച് താര രാമാനുജൻ സംവിധാനം ചെയ്ത “നിഷിദ്ധോ” എന്ന സിനിമക്ക് മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ് കിട്ടിയതിലുള്ള സന്തോഷവും പങ്കുവെക്കുന്നു.

 

Share
Leave a Comment