CinemaGeneralIndian CinemaLatest NewsMollywood

മൂന്നാം തവണയും വിജയം ആവർത്തിച്ച് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട്; ട്വൽത്ത് മാന് മികച്ച പ്രതികരണം

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പതിവ് തെറ്റിക്കാതെ ഗംഭീര അഭിപ്രായങ്ങളുമായി ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിലൂടെ ഹാട്രിക് വിജയം കുറിച്ചിരിക്കുകയാണ്. മെയ് 21ന് മോഹൻലാലിൻ്റെ 62ആം പിറന്നാൾ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. നിരൂപക പ്രശംസകൾ കൊണ്ടും പ്രേക്ഷക പ്രീതികൊണ്ടും ഇത്തവണ ഒരു ഗംഭീര പിറന്നാൾ സമ്മാനം തന്നെയാണ് മലയാളികളുടെ സ്വന്തം ‘ലാലേട്ടന്’ ട്വൽത്ത് മാനിലൂടെ ലഭിക്കുന്നത്. മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ, ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാൻ ഇന്ത്യൻ തലത്തിൽ തന്നെ പ്രശസ്തമായ ചൈനയിൽ ഉൾപ്പെടെ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങൾ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും. എന്നിട്ട് പോലും ഹാട്രിക് വിജയം ഉന്നം വെച്ച് വീണ്ടും ഈ വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലർ ചിത്രത്തിനായി വമ്പൻ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ, ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികൾ തന്നെ ആണ് ഡിസ്നി ഹോട്സ്റ്റാറും ഒരുക്കിയത്. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇടയിൽ ചിത്രത്തിൻ്റെ നിലവാരത്തെ കുറിച്ചും ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ, ആശങ്കകളെയെല്ലാം കാറ്റിൽ പറത്തുന്ന തലത്തിൽ വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്പദമാക്കി ക്ലാസിക് മിസ്‌റ്ററി ചിത്രങ്ങളുടെ ഫോർമാറ്റിലാണ് ജീത്തു ജോസഫ് ഈ ചിത്രം ഒരുക്കിയത്. ചിത്രത്തിൻ്റെ തിരക്കഥാ രചനയ്ക്ക് തന്നെ രണ്ട് വർഷത്തിൽ അധികം സമയമാണ് ചിലവഴിച്ചിരുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് ഇത്തവണ മറ്റൊരു വ്യക്തിയുടെ തിരക്കഥയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻലാൽ അവതാകരനായെത്തുന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 4 ഉൾപ്പെടെയുള്ള ടെലിവിഷൻ, ഓൺലൈൻ പരിപാടികളിലടക്കം ജീത്തു ജോസഫും, ചിത്രത്തിലെ പ്രമുഖ താരങ്ങളും പ്രചരണത്തിനായി പങ്കെടുത്തിരുന്നു. കൂടാതെ, ചിത്രത്തിൻ്റെ പേരിൽ വേറിട്ട ഓൺലൈൻ ഗെയിം സോഷ്യൽ മീഡിയയിലൂടെ ഡിസ്നി ഹോട്സ്റ്റാർ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ പ്രചരണ പരിപാടികൾക്ക് പുതിയ ഒരു ഹൈ ടെക്ക് തലം തന്നെ സൃഷ്ടിച്ചിരുന്നു.

ഈ വർഷം ഇത് രണ്ടാം തവണയാണ് ഹോട്സ്റ്റാറിലൂടെ ഒടിടി വിജയവുമായി ആശിർവാദ് എത്തിയിരിക്കുന്നത്. ജനുവരിയിൽ മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ
ബ്രോ ഡാഡി എന്ന ചിത്രം ഇന്ത്യയിൽ തന്നെ ഹോട്സ്റ്റാറിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ജനങ്ങൾ ആദ്യ ദിനങ്ങളിൽ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. മോൺസ്റ്റർ, എലോൺ, ബറോസ് തുടങ്ങി വ്യത്യസ്ത ജോണറുകളിലായി വളരെ അധികം പ്രതീക്ഷകൾ നിലനിർത്തുന്ന ചിത്രങ്ങളാണ് ഈ വർഷം ഇനി ആശിർവാദിൻ്റെ നിർമ്മാണത്തിൽ റിലീസിനായി ഒരുങ്ങുന്നത്. ഇവക്ക് പുറമെ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് നാലാം തവണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം റാമിന്റെ അവസാനവട്ട ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

ഇടുക്കിയിലെ ഒരു ഹിൽ സൈഡ് റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ട്വൽത്ത് മാൻ, കോവിഡ് കാലത്ത് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് വളരെ വലിയ താരനിരയുമായി ചിത്രീകരണം പൂർത്തിയാക്കിയത്. ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന് പുറമെ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരും അണിനിരന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാർ രചന നിർവഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ – സിനോയ് ജോസഫ്, കലാസംവിധാനം – രാജീവ് കോവിലകം, വസ്ത്രാലങ്കാരം – ലിൻ്റ ജീത്തു, വിഎഫ്എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ – സേതു അടൂർ, വാർത്താപ്രചരണം – പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button