സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സര രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
വൺ, ദി പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ദൃശ്യം 2 ആണ് മോഹൻലാൽ ചിത്രം. കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും മത്സരത്തിനുണ്ട്. മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ജോജു ജോർജ്, സൗബിൻ ഷാഹിർ, ടൊവിനോ തോമസ് തുടങ്ങിയവരും മത്സര രംഗത്തുണ്ട്.
മഞ്ജു വാര്യർ, നിമിഷ സജയൻ, രജീഷ വിജയൻ, ഐശ്വര്യ ലക്ഷ്മി, ഉർവശി, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, സുരഭി ലക്ഷ്മി, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, അന്ന ബെൻ, ദിവ്യ പിള്ള, അഞ്ജു കുര്യൻ, സാനിയ ഇയപ്പൻ, ഗ്രേസ് ആന്റണി, വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്ന പ്രമുഖർ.
വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം, റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം, ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധനേടിയ നിഷിദ്ധോ എന്നിവയും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങളാണ്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറിയായിരിക്കും അവാർഡ് പ്രഖ്യാപിക്കുക. 142 സിനിമകൾ മത്സരത്തിനെത്തിയതിൽ നിന്നും 45 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നിൽ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങൾ അന്തിമ ജൂറിക്ക് മുന്നിൽ എത്തിയത്.
Post Your Comments