അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് പേരാണ് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജു മേനോനും ജോജു ജോർജുമാണ് ഇത്തവണ മികച്ച നടനുള്ള അവാർഡ് പങ്കിടുന്നത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഇവർക്ക് ലഭിക്കുന്ന പുരസ്കാരം.
ഇരുവരും അവാർഡിന് അർഹരായതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ചലച്ചിത്ര അവാർഡിന്റെ ജൂറി. ഇരുവരുടെയും അഭിനയത്തെ കുറിച്ച് ജൂറി പറയുന്നത് ഇങ്ങനെ, പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും ലളിതമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നാണ് ആർക്കറിയാം എന്ന ചിത്രത്തിലെ ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്.
വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും, ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും, ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ മികവാണ് ജോജുവിനെ അവാർഡിന് അർഹനാക്കിയതെന്നാണ് ജൂറി വ്യക്തമാക്കുന്നത്.
Post Your Comments