സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ നിറവിലാണ് ദിലീഷ് പോത്തൻ ഒരുക്കിയ ജോജി എന്ന ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന് നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. ജോജിയിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ വർഗീസിന് ലഭിച്ചു. ഉണ്ണിമായ പ്രസാദിന് ജോജിയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ജോജിയിലൂടെ ശ്യാം പുഷ്‌കരൻ മികച്ച തിരക്കഥാകൃത്തായി.
ഇപ്പോളിതാ, ചിത്രത്തെക്കുറിച്ചും പുരസ്കാരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. ജോജിക്ക് ലഭിച്ചത് അർഹമായ നാല് പുരസ്‌കാരങ്ങൾ തന്നെയാണെന്നാണ് കരുതുന്നതെന്നാണ് ദിലീഷ് പറയുന്നത്. കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കിൽ ജോജി ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലെന്നും, കൂടുതൽ ക്രിയേറ്റീവ് ആയി ജോജി ഉണ്ടായതിന് കാരണം തന്നെ കൊവിഡ് വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ഒരു ആശയം, മികച്ച കഥ, തിരക്കഥ ഇവയൊക്കെയാണ് എന്നെയൊരു മികച്ച സംവിധായകനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടനായും സംവിധായകനായും പിന്നീട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി ദിലീഷ് പോത്തൻ മാറി.
Post Your Comments