മുൻപ് സിനിമാ വ്യവസായം ഒരു കുടുംബം പോലെയായിരുന്നുവെന്നും, അവിടെ വേർതിരിവുകൾ ഇല്ലായിരുന്നുവെന്നും മുതിർന്ന ബോളിവുഡ് താരം തനൂജ. എന്നാൽ, ഇന്ന് സിനിമാ ഇൻഡസ്ട്രി ഒരു കോർപ്പറേറ്റ് സ്ഥാപനമായി മാറിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാലത്തിനനുസരിച്ച് മാറുന്ന സിനിമാ വ്യവസായത്തെക്കുറിച്ച് തനൂജ തുറന്ന് പറഞ്ഞത്.
തനൂജയുടെ വാക്കുകൾ:
സിനിമാ ഇൻഡസ്ട്രിയിൽ പുരോഗമനം ഉണ്ടാകണം. എന്നാൽ, കുടുംബമായി മാറുന്നതിന് പകരം കോർപ്പറേറ്റുകൾ ആയി മാറുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. കോർപ്പറേറ്റ് ആകുമ്പോൾ അതിൽ ഏറെ വിഭജനം വരും. പുരോഗമനത്തിൽ ഒരേയൊരു സങ്കടം അത് മാത്രമാണ്.
ഞാൻ അഭിനയം തുടങ്ങുന്ന കാലത്ത് സിനിമാക്കാർ എന്നു പറഞ്ഞാൽ സിനിമാക്കാർ എന്ന് മാത്രമാണ്. അവിടെ ഹിന്ദുവോ മുസ്ലീമോ സിഖോ ഇല്ല. സെറ്റിൽ ഒരാൾക്ക് സുഖമില്ലെങ്കിൽ എല്ലാവരും ഒത്തുചേരുമായിരുന്നു. അതൊരു സെക്യൂരിറ്റിക്കാരനായാലും ലൈറ്റ്മാനായാലും. കാരണം, അവനൊരു സിനിമാക്കാരനായിരുന്നു. ഇന്നത്തെ തലമുറയിൽ തീർച്ചയായും മാറ്റം വരണം. ഈ മാറ്റത്തെക്കുറിച്ച് ഞാൻ മോശമായി ഒന്നും പറയുന്നില്ല.
1950ൽ പുറത്തിറങ്ങിയ ‘ഹമാരി ബേട്ടി’യിലൂടെയാണ് തനൂജ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ നടി തിളങ്ങി. മോഡേൺ ലവ് മുംബൈ ആന്തോളജിയിലെ ‘ബായ്’ എന്ന സ്വീകൻസിലാണ് ഏറ്റവും ഒടുവിൽ തനൂജ അഭിനയിച്ചത്. ബോളിവുഡ് താരങ്ങളായ കാജോളിന്റെയും തനിഷയുടെ അമ്മയാണ് തനൂജ.
Post Your Comments