ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഉലകനായകൻ കമൽ ഹാസൻ. ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വാർത്താസമ്മേളനം നടന്നിരുന്നു. ഈ പരിപാടിയിൽ വച്ച് ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ഇന്ത്യൻ 2’ ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാൻ തന്നെയാണ് തീരുമാനമെന്നുമാണ് കമൽ ഹാസൻ പറഞ്ഞത്.
കമൽ ഹാസന്റെ വാക്കുകൾ:
‘ഇന്ത്യൻ 2’ ഉപേക്ഷിച്ചിട്ടില്ല. രാം ചരൺ നായകനായ ‘ആർസി 15’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ ശങ്കർ. ഇതിനു ശേഷം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന ‘ഇന്ത്യൻ 2’ വിന്റെ ജോലികൾ പുനരാരംഭിക്കും.
1996 ലാണ് കമൽ ഹാസൻ – ശങ്കർ ടീമിൻറെ ‘ഇന്ത്യൻ’ തിയേറ്ററുകളിലെത്തിയത്. തെന്നിന്ത്യൻ സിനിമാ ലോകം ചിത്രം വലിയ ഹിറ്റാക്കി മാറ്റി. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
2019 ലാണ് ‘ഇന്ത്യൻ 2’വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ, പലകാരണങ്ങളാൽ ചിത്രീകരണം മുടങ്ങി. 200 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാലാണ് വില്ലൻ വേഷത്തിലെത്തുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും.
Post Your Comments