ആത്മഹത്യ പ്രവണതയും വിഷാദവും കാരണം മാനസികമായി തളർന്നിരിക്കുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അടിയന്തര ഹെൽപ്പ് ലൈനുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന ആവശ്യവുമായി നടി കല്യാണി രോഹിത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചാണ് താരം രംഗത്തെത്തിയത്. തന്റെ അമ്മയുടെ ആത്മഹത്യയെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചുമാണ് കല്യാണി പറയുന്നത്. അമ്മയുടെ മരണം തന്നെയും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് നടി പറയുന്നത്. ആ സമയത്ത് ഹെൽപ്പ് ലൈനിലേക്ക് വിളിച്ചപ്പോൾ ആരും എടുത്തില്ലെന്നും, തക്കസമയത്ത് ഭർത്താവ് കണ്ടതു കൊണ്ടാണ് താൻ ഇപ്പോളും ജീവനോടെ ഇരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഒടിടി പ്ലാറ്റ്ഫോമുകളിൽ 24 മണിക്കൂറും ഹെൽപ്പ് ലൈൻ നമ്പർ പ്രദർശിപ്പിക്കണമെന്നാണ് കല്യാണി പറയുന്നത്.
കല്യാണി രോഹിതിന്റെ കുറിപ്പ്:
ഒരു സാധാരണ ദിവസം പോലെയാണ് 2014 ഡിസംബർ 24 തുടങ്ങിയത്. എന്നാൽ, ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസമായി മാറി. അമ്മയുടെ തൊട്ടടുത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. പതിവുപോലെ അമ്മയ്ക്കൊപ്പം ജിമ്മിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഒരുങ്ങിവരാൻ അമ്മയോട് ആവശ്യപ്പെട്ട് ഞാൻ കുറച്ച് സമയത്തിന് ശേഷം വാതിലിൽ തട്ടിയപ്പോൾ പ്രതികരണം ലഭിച്ചില്ല. പല തവണ ബെൽ അടിച്ചു. അപ്പോൾ എന്റെ മനസ്സിൽ ഒരു ഭയം നിറഞ്ഞു. ഞാൻ വാതിൽ തകർത്ത് അകത്തേക്കോടിയപ്പോൾ അമ്മ തൂങ്ങി മരിച്ചതാണ് കണ്ടത്. എനിക്ക് 23 വയസ്സായിരുന്നു പ്രായം. അന്ന് എന്റെ ജീവിതം എന്നെന്നേക്കുമായി മാറി മറിഞ്ഞു.
അമ്മ എന്റെ അടുത്ത സുഹൃത്തായിരുന്നു. അമ്മയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് ഓർക്കാൻ പോലും കഴിയില്ലായിരുന്നു. അമ്മ കുറച്ച് നാളായി വിഷാദം അനുഭവിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. പക്ഷെ, ഞങ്ങളോട് അമ്മ അതൊന്നും പങ്കുവച്ചിരുന്നില്ല.
എനിക്ക് എല്ലാം നഷ്ടപ്പെട്ടത് പോലെ നിരാശ തോന്നി. എനിക്കും ജീവനൊടുക്കാൻ തോന്നി. അതിൽ നിന്നും പിന്മാറാൻ സഹായത്തിനായി പ്രാദേശിക ഹെൽപ്പ് ലൈനുകളിലേക്ക് വിളിച്ചു. പക്ഷേ, ആരും എടുത്തില്ല. ആത്മഹത്യക്ക് തുനിഞ്ഞപ്പോൾ ഭർത്താവ് രോഹിത് എന്നെ കണ്ടെത്തി തടഞ്ഞു. ഇന്ന് ഞാൻ സുഖമായി ഇരിക്കുന്നു. ഇവിടെ നിരവധി ആളുകൾ സഹായം ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുണ്ടാകും. അത് മാറണമെന്നാണ് എന്റെ ആഗ്രഹം. ഇനി സഹായം കിട്ടാത്തതിനാൽ ആർക്കും അമ്മയെ നഷ്ടപ്പെടരുത്.
ഇന്ത്യയിൽ 2023 ആകുമ്പോഴേക്കും 50 കോടി ഒടിടി സബ്സ്ക്രൈബേഴ്സ് ഉണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അവരിൽ ഭൂരിഭാഗവും 15-35 വയസ്സുവരെയുള്ളവരായിരിക്കും. ഇരുപത്തിനാലു മണിക്കൂറും ടെലി കൗൺസിലിങ് ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിലും ഹെൽപ്പ്ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കണം. ഈ നിവേദനം സമർപ്പിക്കാൻ നിങ്ങൾ എല്ലാവരും എനിക്കൊപ്പം ചേരണം.
Post Your Comments