ജന ഗണ മന നെറ്റ്ഫ്ലിക്സിൽ: ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ​ഗണ മന. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ഒരുക്കിയ ചിത്രം ശക്തമായ രാഷ്ട്രീയമാണ് പറഞ്ഞത്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സിനിമ ഇതിനോടകം തന്നെ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്‍, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രം ജൂൺ രണ്ടിന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിയും.

ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജന ഗണ മന നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ് നിർവ്വഹിച്ചത്.

Share
Leave a Comment