വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് ബിനു പപ്പു. മലയാളികളെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച അതുല്യ നടൻ കുതിരവട്ടം പപ്പുവിന്റെ മകനാണ് ബിനു. സലിം ബാബയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ബിനു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആഷിക്ക് അബു സംവിധാനം ചെയ്ത റാണി പത്മിനി എന്ന ചിത്രത്തിലൂടെയാണ് ബിനു ശ്രദ്ധേയനാകുന്നത്. പിന്നീട്, പുത്തൻപണം, സഖാവ്, പരോൾ, കളം എന്നീ സിനിമകളിലും അഭിനയിച്ചു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലെ ബിനുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോളിതാ, തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുകയാണ് ബിനു പപ്പു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിനു മനസ് തുറക്കുന്നത്. ഓരോ സിനിമയും ഓരോ പാഠങ്ങളാണെന്നും, റിസ്ക് എടുക്കാൻ താൽപ്പര്യമുള്ള നടനാണ് താനെന്നുമാണ് താരം പറയുന്നത്.
ബിനു പപ്പുവിന്റെ വാക്കുകൾ:
ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. റിസ്ക് എടുക്കാൻ താൽപ്പര്യമുള്ള നടനാണ് ഞാൻ. കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ താൽപ്പര്യം കാണിക്കാത്തതല്ല, അത്തരം കഥാപാത്രങ്ങൾ തേടി എത്താത്തതാണ്. കോമഡി വേഷങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
അച്ഛനുമായി ചിലരെങ്കിലും താരതമ്യം ചെയ്യുന്നുണ്ടാകാം. എനിക്കൊരിക്കലും അദ്ദേഹമാകാൻ കഴിയില്ല. അത് വേറെ ഒരാളാണ്. പിന്നെ ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമായിരിക്കുമല്ലോ. കോമഡി വേഷങ്ങളൊക്കെ ഞാൻ എന്റെ രീതിയിലാണ് ചെയ്യുന്നത്. എന്റെ ശൈലി വേറെയാണ്.
അച്ഛന്റെ എന്തെങ്കിലും മാനറിസം വന്നാൽ അതും തെറ്റുപറയാൻ പറ്റില്ല. ഞാൻ അച്ഛന്റെ മകനല്ലേ. പിന്നെ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ച എന്റെ ഭാഷ അച്ഛന്റെ ഭാഷ പോലെ അല്ല. എന്റെ കോഴിക്കോട് ഭാഷ ഒരുപാട് മാറിയിട്ടുണ്ട്.
Post Your Comments