ലോകമാകെ ആരാധകരുള്ള പോപ്പ് ഗായകനായ ജസ്റ്റിൻ ബീബർ ഒക്ടോബർ 18ന് ഇന്ത്യയിൽ എത്തും. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ ജസ്റ്റിന് ബീബറിന്റെ സംഗീത വിരുന്ന് നടക്കുമെന്നാണ് വിവരം. പരിപാടിയുടെ പ്രൊമോട്ടര്‍മാരായ ബുക്ക് മൈ ഷോയും എഇജി പ്രസന്റ്സ് ഏഷ്യയുമാണ് ഇക്കാര്യം അറിയിച്ചത്. ഈ വാർത്ത എത്തിയതോടെ സംഗീത പ്രേമികള്‍ ആവേശത്തിലാണ്.
ജസ്റ്റിസ് വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് താരം ഇന്ത്യയില്‍ എത്തുന്നത്. 2022 മേയ് മുതൽ 2023 മാർച്ച് വരെ 30 രാജ്യങ്ങളിലായി 125ലധികം ഷോകൾ ടൂറിന്റെ ഭാഗമായി നടത്തുമെന്ന് ബീബർ നേരത്തെ അറിയിച്ചിരുന്നു. ഈ മാസം മെക്സിക്കോയില്‍ ആരംഭിച്ച പര്യടനം ഇറ്റലി, യുഎസ്, കാനഡ, സ്വീഡന്, ഹംഗറി, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പൂര്‍ത്തിയാക്കി. ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലായി ഈ പര്യടനം അവസാനിക്കും.
ജൂണ്‍ 4 മുതല്‍ പരിപാടിയുടെ ടിക്കറ്റ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാം. 4000 രൂപയാണ് ടിക്കറ്റ് വില. പ്രീ സെയില്‍ ജൂണ്‍ 2ന് തുടങ്ങും. 43000 ടിക്കറ്റുകള്‍ വില്പനയ്ക്കുണ്ട്.
നേരത്തെയും തന്റെ ആരാധകരെ ആവേശത്തിലാക്കി ജസ്റ്റിന് ബീബര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. 2017ലായിരുന്നു ഇതിന് മുമ്പ് താരം ഇന്ത്യയില്‍ എത്തിയത്. 4000 പേരാണ് അന്ന് ബീബറിന്റെ സംഗീത പരിപാടിയില്‍ പങ്കെടുത്തത്.
Post Your Comments