പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. ക്വീൻ എന്ന ആദ്യ ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഷാരിസ് മുഹമ്മദാണ്. കഴിഞ്ഞ ഏപ്രിൽ 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോളിതാ, ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചെന്ന വിവരമാണ് പുറത്ത് വരുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുൻപാണ് ചിത്രത്തിന്റെ നേട്ടം.
പൃഥ്വിരാജാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ‘500 മില്യൺ സ്നേഹത്തിന് നന്ദി, ഇതൊരു ഐതിഹാസിക വിജയമാണ്‘, എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഈ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കേരള ബോക്‌സ് ഓഫീസിൽ 27.4 കോടി രൂപയും വിദേശ വിപണിയിൽ 18.5 കോടിയുമാണ് ചിത്രം ഇതിനോടകം നേടിയത്. 2.7 കോടി രൂപ വരെയുള്ള നിക്ഷേപത്തിന്റെ വരുമാനം കൂടി ചേർത്താണ് ചിത്രത്തിന്റെ 50 കോടി നേട്ടം.
എന്ന് നിന്റെ മൊയ്‌തീൻ, ദൃശ്യം, പ്രേമം, ഒപ്പം, പുലി മുരുകൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ്, ഹൃദയം, ഭീഷ്മ പർവ്വം എന്നിവയാണ് 50 കോടി ക്ലബിൽ ഇടം പിടിച്ച മറ്റു മലയാള ചിത്രങ്ങൾ.
ശ്രീ ദിവ്യ, ധ്രുവൻ, ശാരി, രാജ കൃഷ്‍ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരശ്, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്‍ണൻ, വിജയകുമാർ, വൈഷ്‍ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യൂസ്, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരും ജന ഗണ മനയിൽ അണിനിരന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.
Post Your Comments