
യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘കെജിഎഫ് ചാപ്റ്റർ 2’. ഇതിനോടകം തന്നെ 1200 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ ‘കെജിഎഫ്’ സ്വന്തമാക്കിയത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇപ്പോളിതാ, ‘കെജിഎഫ് ചാപ്റ്റർ 2’വിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളിയെന്ന വാർത്തയാണ് വരുന്നത്. ചിത്രം പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചുള്ള ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. കാൻസർ പേഷ്യന്റ്സ് അസോസിയേഷൻ ആയിരുന്നു ഹർജി നൽകിയത്. ഹർജിക്കാർക്ക് വേണ്ടി ആരും കോടതിയിൽ ഹാജരാകാത്തതിനാലാണ് ഹർജി തള്ളിയത്.
സിനിമയിൽ ഉടനീളം പൊതുസ്ഥലങ്ങളിലും മറ്റും പുകവലിക്കുന്നത് ചിത്രീകരിച്ചു എന്നായിരുന്നു ഹർജിയിലെ ആരോപണം. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Post Your Comments