
കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായ് കാത്തിരിക്കുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോളിതാ, സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സംവിധായകൻ അനുഭവം പങ്കുവച്ചത്.
‘വിക്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് നടക്കുമ്പോൾ, രാത്രി 2 മണിക്ക് കമൽ ഹാസൻ 26 പുഷ് അപ്പ് എടുത്തു. 67 വയസ്സുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ച് എടുത്തത് എന്നെ ശരിക്കും ഞെട്ടിച്ചു’, ലോകേഷ് കനകരാജ് പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, നരേൻ തുടങ്ങിയവരാണ് ട്രെയ്ലറിൽ പ്രത്യക്ഷപ്പെടുന്നത്. അർജുൻ ദാസ്, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ 2വിന് ശേഷം കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം.
Post Your Comments