സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത കൊച്ചിൻ ഹനീഫയുടെ കഥാപാത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. കിരീടത്തിലെ ഹൈദ്രോസും പഞ്ചാബി ഹൗസിലെ ഗംഗാധരനുമെല്ലാം ഉദാഹരണം. തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് കൊച്ചിൻ ഹനീഫയുമായുള്ള സൗഹൃദത്തെക്കുറിച്ചു പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
ഇരട്ടക്കുട്ടികളും ഭാര്യയുമായി വളരെ സന്തോഷത്തിലും സംതൃപ്തിയിലും കഴിയുമ്പോഴാണ് ഹനീഫ രോഗബാധിതനായി മദ്രാസിലെ ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നത്. ആദ്യമൊന്നും ആശുപത്രി വാസം ആരെയും അറിയിക്കാതെ നോക്കിയിരുന്നു. എന്നാൽ, രോഗാവസ്ഥ മൂർച്ഛിച്ചതോടെയാണ് സിനിമാലോകം ഹനീഫയുടെ രോഗത്തെക്കുറിച്ചു അറിഞ്ഞത്. ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്. പക്ഷേ, മാരകമായ ഒരു അസുഖത്തിന്റെ ആരംഭലക്ഷണങ്ങളായിരുന്നു ഹനീഫയ്ക്ക്.
read also: മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ നിന്നുപോയതിന്റെ കാരണം ഇതാണ്: വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ
അസുഖ കിടക്കയിൽ ആയിരുന്ന ഹനീഫയെ ഫോൺ വിളിച്ചതിനെക്കുറിച്ചു കലൂർ ഡെന്നിസ് പറയുന്നതിങ്ങനെ, ‘മാരകമായ ഒരു അസുഖത്തിന്റെ ആരംഭലക്ഷണങ്ങളായിരുന്നു. ഞാനിതറിഞ്ഞ ഉടനെ ഹനീഫയെ ഫോണിൽ വിളിച്ചു. ഫോണെടുത്തത് ഭാര്യയായിരുന്നു. ഞാനാണെന്നറിഞ്ഞപ്പോൾ ഹനീഫ ഫോൺ വാങ്ങി ദീനസ്വരത്തിൽ പറഞ്ഞു: ‘എടാ ഡെന്നീ, എനിക്കൊന്നുമില്ലെടാ മാധ്യമ പ്രവർത്തകരെല്ലാവരും കൂടി ഉണ്ടാക്കിയ ഒരസുഖമാണ് എന്റേത്. നീ ഇങ്ങോട്ടൊന്നും വരണ്ട. അടുത്തയാഴ്ച ഞാൻ എറണാകുളത്തു വരും അപ്പോൾ നീ വന്നാൽ മതി.’
ഒരാഴ്ച കഴിഞ്ഞിട്ടും ഹനീഫ ഡിസ്ചാർജായില്ല. പിന്നെ, നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ദുഃഖവാർത്തയാണ് ഞാൻ കേട്ടത്. ഹനീഫ പോയി. വാത്സല്യത്തിലെ രാഘവൻ നായരെപ്പോലെ കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി ജീവിച്ച ഹനീഫ അകലങ്ങളിലെ ഏകാന്തതയിൽ ലയിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ അൽപനേരം മരവിച്ചിരുന്നു പോയി.’
2006-ൽ കാലു മുറിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുദിവസം ഹനീഫ കാണാൻ വന്നതിനെക്കുറിച്ചും കലൂർ ഡെന്നിസ് പങ്കുവയ്ക്കുന്നുണ്ട്. ‘നമ്മുടെ ജീവിതം നമ്മുടെ കയ്യിലൊന്നുമല്ലെടാ, പടച്ചോൻ വിളിച്ചാൽ പോകാതിരിക്കാനാവില്ലല്ലോ. പിന്നെ മരണത്തിനു കൊണ്ടു പോകാനാകാത്ത ഒന്നേയുള്ളൂ, മറ്റൊരാളിന്റെ മനസ്സില്‍ നമ്മൾ നൽകുന്ന നിറപുഞ്ചിരി.’ സിനിമയിലെ മായക്കാഴ്ചകൾ എന്ന മനോരമയിലെ കോളത്തിലാണ് കള്ളോർ ഡെന്നിസ് ഇത് പങ്കുവച്ചത്.
Post Your Comments