രാം ചരണിനേയും ജൂനിയർ എൻ ടി ആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആർആർആർ. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയ ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആർആർആർ. ആലിയ ഭട്ടാണ് ചിത്രത്തിൽ നായികയായെത്തിയത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മാർച്ച് 24ന് റിലീസ് ചെയ്ത സിനിമ മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയത്. റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചിത്രം സകല കളക്ഷൻ റെക്കോർഡുകളും മറികടന്നിരുന്നു. മെയ് 20 നാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. സീ 5 ലൂടെയും നെറ്റ്ഫ്ലിക്സിലൂടെയുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സ്ട്രീമിംഗ് തുടങ്ങിയതിന് ശേഷം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോളിതാ, പ്രശസ്ത ഹോളിവുഡ് സംവിധായകനായ ജോർജ് ഗുട്ടറസ് ആർആർആറിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്.
തന്റെ 84 വയസുള്ള അച്ഛനെയും സിനിമ കാണിച്ചെന്നും, തനിക്കും അച്ഛനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടെന്നും ജോർജ് ഗുട്ടറസ് ട്വിറ്ററിൽ കുറിച്ചു. കുറിപ്പിന് നന്ദിയുമായി ആർആർആർ ടീമും എത്തിയിട്ടുണ്ട്.
ദി ബുക്ക് ഓഫ് ലൈഫ് , ഗാർഡിയൻ ഓഫ് ഓസ് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ജോർജ് ഗുട്ടറസ്. ഹോളിവുഡിലെ പ്രശസ്ത ആനിമേറ്റർ കൂടിയാണ് അദ്ദേഹം. ജോർജ് ഗുട്ടറസിന്റെ ദി ബുക്ക് ഓഫ് ലൈഫ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം എന്ന ഗണത്തിൽ ഗോൾഡൻ ഗ്ലോബിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments