CinemaGeneralIndian CinemaLatest News

‘ജോസഫ്’ തെലുങ്ക് റീമേക്കിന് വിലക്ക്: ചിലർ ​ഗൂഢാലോചന നടത്തിയെന്ന് നടൻ രാജശേഖർ

ജോജു ജോർജിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ’ജോസഫ്’. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഷാഹി കബീര്‍ ആയിരുന്നു. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇര്‍ഷാദ്, ആത്മീയ, അനില്‍ മുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. പിന്നീട്, നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

ഇപ്പോളിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ’ശേഖറി’ന് കോടതി പ്രദർശന വിലക്കേർപ്പെടുത്തി എന്ന വാർത്തയാണ് വരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം, മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവേയാണ് പ്രാദേശിക കോടതിയുടെ ഉത്തരവ് വന്നത്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നത്.

സിനിമയുടെ പ്രദർശനം തടയാൻ ചിലർ ​ഗൂഢാലോചന നടത്തിയെന്നാണ് ചിത്രത്തിൽ നായകനായെത്തിയ രാജശേഖർ പറയുന്നത്. ’എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ചിത്രമായിരുന്നു. സിനിമയുടെ പ്രദർശനം തടയാൻ ചിലർ ​ഗൂഢാലോചന നടത്തി. സിനിമയാണ് ഞങ്ങളുടെ ജീവിതം. ഈ സിനിമയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സിനിമയ്ക്ക് അതർഹിക്കുന്ന അം​ഗീകാരങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷ ’, രാജശേഖർ പറഞ്ഞു.

രാജശേഖറിന്റെ ഭാര്യ കൂടിയായ ജീവിത രാജശേഖറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button