ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ചിത്രമാണ് വാശി. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോയും കീർത്തിയുമെത്തുന്നത്.
ഇപ്പോളിതാ, ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘യാതൊന്നും പറയാതെ രാവേ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. കോടതിമുറിയിലെ പ്രണയവും വിഷാദവുമൊക്കെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും അഭിജിത്ത് അനില്‍കുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് ആണ്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Post Your Comments