പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. ശവസംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ സംഗീത പാടിയിട്ടുണ്ട്. എ ആര്‍ റഹ്മാൻ ഒരുക്കിയ മിസ്റ്റർ റോമിയേയിലെ ‘തണ്ണീരൈ കാതലിക്കും’ എന്ന ഗാനം ആരാധകർ ഏറ്റെടുത്തതോടെയാണ് സംഗീത ശ്രദ്ധേയയാകുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി ആലപിച്ചത്.
പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരേ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയാണ് സംഗീതയുടെ സ്വരത്തിൽ പിറന്ന മറ്റ് മലയാളം ഗാനങ്ങൾ. കുരുതിയിലെ തീം സോങ് ആണ് മലയാളത്തില്‍ അവസാനമായി ആലപിച്ചത്. അടുക്കളയില്‍ പണിയുണ്ട് എന്ന സിനിമയുടെ സംഗീത സംവിധായകയായും സംഗീത തിളങ്ങി.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളാണ്. ചെന്നൈയിലാണ് സംഗീത സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്.
Post Your Comments