മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. ത്രീഡി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വാസ്ഗോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരൻ ആണ് ബറോസ്. ബറോസ് കാത്തു സൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്മുറകാർക്ക് മാത്രമേ ബറോസ് നൽകുകയുള്ളു. ഒരു ദിവസം ഗാമയുടെ പിന്തുടർച്ചക്കാരൻ എന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരുന്നത്തോടെയാണ് കഥ തുടങ്ങുന്നത്. ചിത്രത്തിൽ ബറോസ് ആയി വേഷമിടുന്നത് മോഹൻലാൽ തന്നെയാണ് .
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്‍ത ജിജോയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സന്തോഷ് ശിവനാണ്. ഇപ്പോളിതാ, സന്തോഷ് ശിവൻ ബറോസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് സന്തോഷ് ഇക്കാര്യങ്ങൾ പറഞ്ഞത്. ബറോസിന്റ ഷൂട്ടിങ് പൂർത്തിയായെന്നും ഇനി ഒരു ഗാനരംഗം മാത്രമാണ് ഷൂട്ട് ചെയ്യാൻ ബാക്കിയുള്ളതെന്നുമാണ് സന്തോഷ് ശിവൻ പറയുന്നത്.
സന്തോഷ് ശിവന്റെ വാക്കുകൾ:
ലാൽ സാറിനൊപ്പം ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മനസ്സുനിറയെ സിനിമയാണ്. കോവിഡ് സമയത്തെല്ലാം അദ്ദേഹം ഫോട്ടോയെടുത്ത് എനിക്ക് അയച്ചുതരും, അഭിപ്രായം ചോദിക്കും. വിഷ്വൽസ് എങ്ങനെ ആയിരിക്കണമെന്ന് നല്ല ബോധ്യമുള്ള ആളാണ് മോഹൻലാൽ. അതിന്റെ ത്രിൽ ബറോസിൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടായിരുന്നു.
ബറോസിന്റെ ഷൂട്ടിങ് കഴിഞ്ഞു. ഇനിയൊരു പാട്ടുസീൻ മാത്രമാണ് ബാക്കിയുള്ളത്. അത് പോർച്ചുഗലിൽ ഷൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Post Your Comments