ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി. 50 കോടിയുടെ കരാറിൽ നിന്നും കമ്പനി പിന്മാറിയതായാണ് റിപ്പോർട്ട്. ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ട് വിജയ് ബാബുവുമായി ഒപ്പ് വച്ചിരുന്ന കരാറിൽ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. എന്നാൽ, താരസംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം, വിജയ് ബാബു ജോർജിയയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്ത്യക്ക് എംബസി ഇല്ലാത്ത രാജ്യമാണ് ജോർജിയ. അതുകൊണ്ടുതന്നെ അയൽരാജ്യമായ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്. വിദേശകാര്യ വകുപ്പ് വഴിയാണ് കൊച്ചി സിറ്റി പോലീസ്, അർമേനിയയിലെ എംബസിയുമായി ബന്ധപ്പെട്ടത്.
വിജയ് ബാബുവിന്റെ പാസ്‌പോർട്ട് നേരത്ത തന്നെ റദ്ദാക്കിയിരുന്നു. ഇതോടെ, ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടൻ റദ്ദാവും. ഈ സാഹചര്യത്തിൽ വിജയ് ബാബു കീഴടങ്ങാൻ നിർബന്ധിതനാകും എന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
Post Your Comments