മലയാള സിനിമയിലെ മെഗാസ്റ്റാർ പദവി അലങ്കരിക്കുന്ന താരമാണ് മോഹൻലാൽ. ഇന്നലെയാണ് താരം 62ാം പിറന്നാൾ ആഘോഷിച്ചത്. സിനിമാ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ താരത്തിന് ആശംസകൾ അറിയിച്ചു.
ഇപ്പോളിതാ, മുൻപ് വനിതാ മാഗസിന് മോഹൻലാൽ നൽകിയ അഭിമുഖത്തിലെ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് എല്ലാവരെയും ലാലേട്ടൻ മോനെ എന്നു വിളിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, മോഹൻലാൽ നൽകുന്ന രസകരമായ മറുപടിയാണ് വീണ്ടും തരംഗമാകുന്നത്. ‘ പലപ്പോഴും വിളിക്കുന്നയാളുടെ പേര് മറന്നു പോകും. അതിൽ നിന്ന് രക്ഷപ്പെടാനാണ് മോനേ എന്നു വിളിച്ചു തുടങ്ങിയത്. പിന്നെ അതങ്ങ് ശീലമായി. മോനെ എന്ന വാക്കിന്റെ മുന്നിൽ സ്നേഹത്തോടെയും അല്ലാതെയുമുള്ള വാക്കുകൾ ചേർക്കാമല്ലോ. അത് മാത്രം ശബ്ദം കുറച്ചു പറഞ്ഞാൽ മതി’, ഇങ്ങനെയായിരുന്നു മോഹൻലാൽ അവതാരകന് മറുപടി നൽകിയത്.
അതേസമയം, മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഖത്തറിൽ നിന്നുള്ള പിറന്നാൾ ആഘോഷ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ താരം കേക്ക് മുറിക്കുകയും തുടർന്ന് ‘അല്ലിയാമ്പൽ കടവിൽ’ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നതും കാണാം. മോഹൻലാലിന്റെ ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ എന്നിവരും വീഡിയോയിൽ ഉണ്ട്.
Post Your Comments