പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബീഹാറിലെ ഒരു പ്രത്യേക കോടതിയിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. താരങ്ങൾക്കെതിരെ വഞ്ചനാക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ പറയുന്നത്. താരങ്ങള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 311, 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അജയ് ദേവ്ഗൺ ഏറെ നാളായി ‘വിമൽ’ എന്ന പാൻ മസാലയുടെ ബ്രാന്‍റ് അംബാസിഡറാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഷാരൂഖ് ഖാനും പരസ്യത്തിന്റെ ഭാഗമാവുകയായിരുന്നു. അമിതാഭ് ബച്ചന്‍ ‘കമലാ പസന്ത്’ എന്ന പാന്‍മസാല പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡറായി കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ടിരുന്നു. ഈ വർഷം മുതൽ രൺവീർ സിംഗും ‘കമലാ പസന്തി’ന്‍റെ പരസ്യങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു.
അടുത്തിടെ, നടന്‍ അക്ഷയ് കുമാറും ‘വിമല്‍’ പാന്‍ മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, പരസ്യം പുറത്തിറങ്ങിയതിന് ശേഷം താരത്തിനും പരസ്യത്തിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പാന്‍ മസാലയ്ക്ക് എതിരെ സംസാരിക്കുന്ന അക്ഷയ് കുമാറിന്റെ പഴയ വീഡിയോ പങ്കുവച്ചുകൊണ്ട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. വിമർശനങ്ങളെ തുടർന്ന്, സംഭവത്തിൽ മാപ്പ് പറഞ്ഞ് അക്ഷ് കുമാര്‍ എത്തി. പരസ്യത്തിൽ നിന്ന് പിന്മാറിയതായും, പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്.
Post Your Comments