മാരി സെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് മാമന്നൻ. ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, വടിവേലു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
ഇപ്പോളിതാ, ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും, താൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും പറയുകയാണ് ഉദയനിധി സ്റ്റാലിൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ:
മാമന്നൻ സിനിമയിൽ എന്റെയും ഫഹദിന്റെയും കോമ്പിനേഷൻ സീനുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങിയിട്ടില്ല. എന്റെയും കീർത്തി സുരേഷിന്റെയും ഷോട്ടുകളാണ് ഇപ്പോൾ എടുക്കുന്നത്. വടിവേലു സാറും ഉടൻ സെറ്റിൽ ജോയിൻ ചെയ്യും.
ഫഹദിന്റെ കൂടെ ഞാൻ അഭിനയിക്കണം എന്നത് വലിയ ഒരു വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. സംവിധായകൻ മാരി സെൽവരാജ് സാർ എന്റെ 50 ടേക്ക് മിനിമം ഇപ്പോൾ എടുക്കുന്നുണ്ട്. വൺ മോർ എന്ന് സാറ് ചോദിച്ച് കൊണ്ടിരിക്കും. ഞാനും കീർത്തി സുരേഷും അഭിനയിക്കുമ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ ഫഹദിന്റെ കൂടെ എങ്ങനെയായിരിക്കും.
അദ്ദേഹത്തിന്റെ ഒപ്പം എന്റെ അഭിനയവും എത്തണമല്ലോ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിൽ എനിക്ക് നല്ല സന്തോഷമുണ്ട്. ആ ഒരു കാത്തിരിപ്പിലാണ് ഞാൻ. ഫഹദിന്റെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്. ട്രാൻസ്, ജോജി, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനാണ്.
Post Your Comments