പോപ് ഗായിക റിഹാനയ്ക്കും റാപ്പർ അസാപ് റോക്കിക്കും ആൺകുഞ്ഞ് പിറന്നു. മെയ് 13 നാണ് റിഹാന കുഞ്ഞിന് ജന്മം നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിഹാനയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അഭിനന്ദനവുമായി എത്തി. റിഹാനയുടെ മുന്‍ കാമുകന് ക്രിസ് ബ്രൗണ്‍ റിഹാനക്ക് ആശംസകൾ അറിയിച്ചു. അതേസമയം, കുഞ്ഞ് ജനിച്ച വാർത്ത താരങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ജനുവരിയിലാണ് കുഞ്ഞിന് ജന്മം നല്കാനൊരുങ്ങുന്ന വിവരം റിഹാന വെളിപ്പെടുത്തിയത്. പിന്നാലെ, നിറവയർ മറയ്ക്കാതെ താരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. എക്കാലത്തേയും മികച്ച പ്രഗ്നൻസി സ്റ്റൈൽ എന്നാണ് കിം കർദാഷിയാൻ റിഹാനയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് അന്ന് പറഞ്ഞത്.
ലോകത്തെമ്പാടുമായി ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗായികമാരിൽ ഒരാളാണ് റിഹാന. 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്. റിഹാനയെ ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യക്തികളുടെ പട്ടികയിലും, ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു.
Post Your Comments