CinemaComing SoonLatest News

ഇന്ത്യയ്ക്ക് അഭിമാന നിമിഷം: 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച് മാധവന്റെ ‘നമ്പി ഇഫക്ട്’

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നമ്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയർ മെയ് 19ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നു. നിറഞ്ഞ സദസിൽ ചിത്രം പ്രദർശിപ്പിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക എൻട്രി ആയാണ് ചിത്രം തെരഞ്ഞെടുത്തത്. ആർ മാധവൻ അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

റോക്കട്രി: ഐഎസ്ആർഒയുടെ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. ആർ മാധവനാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്. പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും, ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്‍റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു? ഇക്കാര്യങ്ങളാണ് ചിത്രം പറയുന്നത്.

നേരത്തെ, ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ, ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് ‘കൺട്രി ഓഫ് ഓണർ’ ബഹുമതി നൽകിയിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button