
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളി താരങ്ങളായ കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂൺ മൂന്നിനാണ് പ്രദർശനത്തിനെത്തുന്നത്.
ഇപ്പോളിതാ, ചിത്രത്തിനെതിരെ ഒരാൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജൂൺ മൂന്നിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ അതിരാവിലെയുള്ള പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അതിരാവിലെ നടത്തുന്ന ഷോയിൽ ടിക്കറ്റ് നിരക്കിൽ വലിയ തുക ഈടാക്കുമെന്നും, ഈ ഷോകളുടെ നികുതി വെട്ടിപ്പ് വൻ നഷ്ടമുണ്ടാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു.
സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററുകളിലെ അതിരാവിലെയുള്ള ഷോകളുടെ ടിക്കറ്റ് നിരക്ക്, മറ്റ് ദിവസങ്ങളിൽ പ്രദർശിപ്പിക്കുന്ന ഷോകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്. സാധാരണ തിയേറ്ററുകളിൽ 500രൂപ മുതൽ 900 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ഹർജിയുടെ അടിസ്ഥാനത്തിൽ ജൂൺ മൂന്നിന് പുലർച്ചെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് മറുപടി നൽകാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments