റഷ്യ – യുക്രെയൻ യുദ്ധം തുടരുകയാണ്. നിരവധി പേർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇപ്പോളിതാ, യുദ്ധത്തിനിടയിലും കാൻ ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിവസം അതിഥിയായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി എത്തിയ വാർത്തയാണ് ചർച്ചയാവുന്നത്.
വെർച്വലായി എത്തിയ സെലൻസ്‌കി വേദിയിലെ അതിഥികളെ ഞെട്ടിച്ചു. ശേഷം, വീഡിയോയിൽ വൈകാരികമായ പ്രസംഗമാണ് യുക്രെയിൻ പ്രസിഡന്റ് നടത്തിയത്. സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്നതിൽ സിനിമയ്ക്ക് വലിയ പങ്കുണ്ടെന്ന് ചാർലി ചാപ്ലിന്റെ ഡിക്ടേറ്റർ ചിത്രത്തെ പരാമർശിച്ചുകൊണ്ട് സെലൻസ്കി പറഞ്ഞു.
‘രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധമായ യുക്രെയിനിൽ നൂറുകണക്കിന് ആളുകൾ ഇവിടെ മരിച്ചു വീഴുമ്പോൾ സിനിമ നിശബ്ദത പാലിക്കരുത്. സിനിമ എപ്പോഴും സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്. ചാർലി ചാപ്ലിന്റെ ഡിക്ടേറ്റർ സ്വേച്ഛാധിപതികളെ ഇല്ലാതാക്കിയില്ല. എന്നാൽ, ആ സിനിമയോട് കടപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹം മൗനം പാലിച്ചില്ല. ഇന്നത്തെ കാലത്ത് സിനിമ മൗനം വെടിയാൻ പുതിയ ചാപ്ലിൻ ജനിക്കേണ്ട അവസ്ഥയാണ്. സിനിമ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുമോ? അതോ മൗനം പാലിക്കുമോ? സിനിമയ്ക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ സാധിക്കുമോ?’, സെലൻസ്കി ചോദിച്ചു.
Post Your Comments