സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. അതിഥി രവിയും സ്വാസികയുമാണ് ചിത്രത്തിൽ നായികമാരായെത്തിയത്. മെയ് 13നാണ് സിനിമ പ്രദർശനത്തിനെത്തിയത്. വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു. നടി മുക്തയുടെ മകൾ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ഇപ്പോളിതാ, സിനിമയിലെ കാണിക്കുന്ന ഒരു ചായക്കടയെക്കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ശക്തമായ മഴ കാരണം ചായക്കടയുടെ സെറ്റിന് നാശനഷ്ടമുണ്ടായെന്നും കലാസംവിധായകൻ രാജീവ് കോവിലകത്തിന്റെയും അണിയറപ്രവർത്തകരുടെയും കഷ്ടപ്പാടാണ് അത് വീണ്ടും ഉയരാൻ കാരണമെന്നുമാണ് തിരക്കഥാകൃത്ത് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിലാഷ് ഇക്കാര്യങ്ങൾ പറയുന്നത്. പോസ്റ്റിനോടൊപ്പം ലൊക്കേഷനിലെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
പത്താം വളവിലെ ചായക്കട യഥാർത്ഥ ചായക്കട ആണോ എന്ന് ചോദിച്ചവർക്ക് വേണ്ടി. ഷൂട്ടിംഗിന് ഇടയിലായിരുന്നു കേരളത്തിൽ അതിശക്തമായ മഴയെത്തിയത്. ഇടുക്കി അടക്കം ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സ്‌ഥലങ്ങളിളെല്ലാം റെഡ് സോൺ ആയി പ്രഖ്യാപിച്ചു. കൊവിഡ് കാരണം ഷൂട്ടിംഗിന് പ്രശ്നം നേരിട്ട ഞങ്ങൾക്ക് മഴയും കൂടി വന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാതെയായി. അന്ന് ഞങ്ങൾ കടന്നു പോയത് വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെയായിരുന്നു. സെറ്റിനു മഴയിൽ കാര്യമായ നാശനഷ്ടം സംഭവിച്ചു. മുഴുവൻ യുണിറ്റും ഷൂട്ടിംഗ് മുടങ്ങി എന്ത് ചെയ്യും എന്നറിയാതെ ഇരുന്ന സമയത്ത്, അത് കുഴപ്പവുമില്ല നമ്മുക്ക് വീണ്ടും സെറ്റ് ഇടാം എന്ന് ധൈര്യം നൽകി പ്രൊഡ്യൂസേഴ്സ് കൂടെ നിന്നു. ഒപ്പം ആർട്ട് ഡയറക്ടർ രാജീവ് ഏട്ടനും പിന്നെ മുഴുവൻ ക്രൂ മെംബേഴ്സും. ഇന്ന് തിയേറ്ററിൽ പത്താം വളവ് കണ്ട് ആളുകൾ വിളിച്ചു നല്ല സിനിമയാണ് എന്ന് പറയുമ്പോൾ, അത് 100 കണക്കിന് ആളുകളുടെ കഷ്ടപ്പാടിന് ദൈവം തന്ന ഫലമാണ്. നന്ദി ദൈവത്തിനും പിന്നെ പ്രേക്ഷകർക്കും.
Post Your Comments