യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം മറികടന്നു. രാജ്യത്തെ സിനിമാ പ്രേമികൾ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 1200 കോടിയിലേക്ക് ചിത്രത്തിന്റെ വരുമാനം അടുക്കുന്നുവെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ എല്ലാ ഭാഷാ പതിപ്പുകളും പ്രേക്ഷകർ ഏറ്റെടുത്തു. കെജിഎഫ് ചാപ്റ്റർ 2 മലയാളം പതിപ്പിനു പിന്നിൽ പ്രവർത്തിച്ചത് ശങ്കർ രാമകൃഷ്ണനാണ്. ചിത്രത്തിന്റെ മലയാളം ഡബ്ബിങ് ഡയറക്ടർ ആയി പ്രവർത്തിച്ചതും ചിത്രത്തിന്റെ സംഭാഷണങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയതും അദ്ദേഹമാണ്. മലയാളത്തിലെ പല പ്രമുഖ താരങ്ങളും കെജിഎഫ് ചാപ്റ്റർ 2ലെ വിവിധ കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്.
ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശങ്കർ രാമകൃഷ്ണൻ. കെജിഎഫ് ടീമിന് പൃഥ്വിരാജിനെ നേരത്തെ അറിയാമായിരുന്നെങ്കിൽ ഒരു പക്ഷേ യാഷിന് ശബ്ദം നൽകുക പൃഥ്വിരാജ് ആയിരുന്നേനെ എന്നാണ് ശങ്കർ രാമകൃഷ്ണൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘കെജിഎഫ് ആദ്യ ഭാഗത്തിൽ ആരാണ് റോക്കി ഭായ്ക്ക് ശബ്ദം കൊടുത്തത് അവർ തന്നെയാണ് രണ്ടാം ഭാഗത്തിലും ചെയ്യേണ്ടതെന്ന് പറഞ്ഞിരുന്നു. കാരണം ചിത്രത്തിലെ ഡയലോഗുകളെല്ലാം ഇപ്പോഴും കിടന്ന് ഓടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ സമയത്ത് അവർക്ക് പൃഥ്വിയെ അറിയാമായിരുന്നെങ്കിൽ റോക്കി ഭായ്ക്ക് ഒരു പക്ഷേ പൃഥ്വി ശബ്ദം കൊടുക്കുമായിരുന്നു‘, ശങ്കർ രാമകൃഷ്ണൻ പറഞ്ഞു.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശങ്കർ രാമകൃഷ്ണൻ. കേരള കഫെ എന്ന അന്തോളജിയിൽ ഐലൻഡ് എക്സ്പ്രസ്സ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ശങ്കർ രാമകൃഷ്ണൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, പതിനെട്ടാം പടി എന്ന ചിത്രവും ശങ്കറിന്റേതായി എത്തി.
Post Your Comments