മമ്മൂട്ടിയെ നായകനാക്കി റത്തീന ഒരുക്കിയ ചിത്രമാണ് പുഴു. അതിശക്തമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മമ്മൂട്ടിയോടൊപ്പം പാർവ്വതി തിരുവോത്തും അപ്പുണ്ണി ശശിയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
അതിശക്തമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്ന ചിത്രം കുട്ടനെയും കുട്ടപ്പനെയും ഭാരതിയെയും അവരിലൂടെ മനുഷ്യനിലെ ജാതീയതയെയും വരച്ചു കാട്ടുകയാണ്. കുട്ടൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ സഹോദരി ഭാരതിയായിട്ടാണ് പാർവ്വതിയെത്തുന്നത്. പാർവ്വതിയുടെ ഭർത്താവ് കുട്ടപ്പനായി അഭിനയിക്കുന്നത് അപ്പുണ്ണി ശശിയാണ്. ചിത്രത്തിൽ പാർവ്വതി-അപ്പുണ്ണി ശശി കൂട്ടുകെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോളിതാ, ചിത്രത്തിലെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെക്കുകയാണ് അപ്പുണ്ണി ശശി. ബെഡ്റൂം സീൻ അടക്കം ചിത്രീകരിക്കുമ്പോൾ പാർവ്വതിയും റത്തീനയും നൽകിയ പിന്തുണയെ കുറിച്ചാണ് അപ്പുണ്ണി പറയുന്നത്.
അപ്പുണ്ണി ശശിയുടെ വാക്കുകൾ:
ഭാരതിയുടെ ഭർത്താവായി അഭിനയിക്കുന്ന നിമിഷങ്ങളിൽ എങ്ങനെയൊക്കെ ചെയ്യണമെന്ന് കൃത്യമായി പാർവ്വതിയും റത്തീനയും പറഞ്ഞു തരുമായിരുന്നു. ഒരുമിച്ച് ബൈക്കിൽ പോകുമ്പോൾ പോലും പല തെറ്റുകളും സംഭവിച്ചേക്കാം. ഷൂട്ടിങ് സമയത്ത് ഹെൽമെറ്റ് ധരിക്കുമ്പോൾ പെട്ടന്ന് ശരിയാകണമെന്നില്ല. വണ്ടി ആദ്യം തന്നെ സ്റ്റാർട്ട് ആകണമെന്നുമില്ല. ഓരോ ഷോട്ടും എടുക്കുമ്പോൾ നന്നാവാൻ പ്രാർത്ഥിച്ചു. എത്ര ടേക്ക് എടുക്കേണ്ടി വന്നാലും അതെല്ലാം വളരെ കൃത്യമായി ചെയ്യുന്നയാളാണ് റത്തീന.
നാടക വേദികളിൽ നിന്നുമാണ് അപ്പുണ്ണി ശശി സിനിമയിലേക്ക് എത്തിയത്. കലാഭവൻ മണി നായകനായി സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിൽ ഒരുവനിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പാലേരി മാണിക്യത്തിൽ മാണിക്യത്തിന്റെ സഹോദരന്റെ വേഷം അഭിനയിച്ചതിലൂടെയാണ് അപ്പുണ്ണി ശശി ശ്രദ്ധേയനായത്.
Post Your Comments