മലയാള സിനിമയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ച് നടൻ മുകേഷിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു. റാം ജീ റാവു സ്പീക്കിങ് എന്ന സിനിമയിലെ ആദ്യ ഷോട്ടില്‍ പറന്നു കയറിയ മൂങ്ങ മലയാള സിനിമയുടെ ഭാഗ്യ പക്ഷിയായതിനെക്കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവച്ചത്.
നവാഗതരുമായി പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറിയതോടെ ക്രെഡിറ്റു മുഴുവന്‍ മൂങ്ങയ്ക്കു പോയി എന്നാണ് മുകേഷ് പറയുന്നത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം സിനിമയുടെ ആദ്യ ഷോട്ട് എടുക്കുമ്പോള്‍ മൂങ്ങയെ പറത്തിവിടുന്നത് പതിവായെന്നും ജനാര്‍ദ്ദനനും മലയാള സിനിമയിലെ ഒരു ഭാഗ്യ ചിഹ്നമായിരുന്നുവെന്നും മുകേഷ് പറയുന്നു.
read also: കെജിഎഫിൽ യാഷിന് ശബ്ദം നൽകുക പൃഥ്വിരാജ് ആയിരുന്നേനെ: ശങ്കർ രാമകൃഷ്ണൻ പറയുന്നു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘റാം ജീ റാവു സ്പീക്കിങ് എന്ന സിനിമയുടെ ആദ്യ ഷോട്ട് എടുക്കുകയാണ്. ഉദയാ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു രൂപക്കൂടുണ്ട്. അതിനു മുന്നില്‍ വന്നുനിന്ന് സായികുമാര്‍ തനിക്ക് ജോലി കിട്ടാനായി പ്രാര്‍ത്ഥിക്കുന്ന സീന്‍ ആണ് എടുക്കേണ്ടത്. സായികുമാര്‍ വന്നു രൂപക്കൂടിനു മുന്നില്‍ നിന്നു. ആക്‌ഷന്‍ പറഞ്ഞതും എവിടെനിന്നോ ഒരു മൂങ്ങ പറന്നു വന്നു ഫ്രെയ്മില്‍ ഇരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എല്ലാം കൂടി ചര്‍ച്ചയായി. അയ്യോ! മൂങ്ങ വന്നിരുന്നല്ലോ, ആദ്യ ഷോട്ട് ഇനി എടുക്കാതിരിക്കുന്നതെങ്ങനെ, മൂങ്ങയെ എങ്ങനെ ഓടിക്കും എന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ആദ്യ ഷോട്ട് എടുത്തത് കളയാനും വയ്യ. ഷോട്ട് ഓക്കേ ആണ്. അതും പുതുമുഖ നായകനും പുതുമുഖ സംവിധായകരും അണിനിരക്കുന്ന സിനിമ. മൂങ്ങ കാരണം ആ ഷോട്ട് കളയാനും വയ്യ. മൂങ്ങ എങ്കില്‍ മൂങ്ങ എന്തായാലും ഈ ഷോട്ട് കളയുന്നില്ല എന്ന് തീരുമാനിച്ച് മുന്നോട്ടു പോയി.
ഷൂട്ടിങ് കഴിഞ്ഞു സിനിമ റിലീസ് ആയി. റാം ജി റാവു ഇത്രയും വലിയൊരു വിജയമാകും എന്നൊന്നും അന്ന് കരുതിയില്ല. ഓണത്തിന് മുന്‍പ് രണ്ടാഴ്ച കളിച്ചിട്ട് വലിയ പടങ്ങള്‍ വരുമ്പോള്‍ മാറിക്കൊടുക്കാം എന്ന കരാറിലാണ് തിയറ്റര്‍ കിട്ടിയത്. പുതുമുഖങ്ങളുടെ ചെറിയൊരു പടമല്ലേ. ആദ്യത്തെ ദിവസം തിയറ്ററില്‍ ആരുമില്ലായിരുന്നു രണ്ടാമത്തെ ദിവസം കുറച്ചുപേര് വന്നു, പിന്നങ്ങോട്ട് ഭയങ്കര ഹിറ്റായി, തിയറ്റര്‍ നിറയുകയാണ്. വലിയ പടങ്ങള്‍ ഫ്ലോപ്പ് ആയപ്പോള്‍ റാം ജി റാവു വന്ന് 150 ദിവസം ഓടി. ഇത്രയും പ്രയാസങ്ങള്‍ തരണം ചെയ്തു വന്ന റാം ജി റാവു സൂപ്പര്‍ ഹിറ്റാകാന്‍ കാരണമെന്തായിരിക്കും എന്ന ചര്‍ച്ചയായി. ഒടുവില്‍ ആദ്യ ഷോട്ടില്‍ മൂങ്ങ വന്നിരുന്നതായിരിക്കുമോ സിനിമ ഹിറ്റാകാന്‍ കാരണം എന്നായി എല്ലാവരുടെയും ചിന്ത. ‘ഇത് മൂങ്ങ തന്നെ കാരണം’ എല്ലാവര്‍ക്കും അത് വിശ്വസിക്കാനായിരുന്നു താല്പര്യം.
ഒരു കാര്യവുമില്ലാതെ വളരെപ്പെട്ടന്നു മൂങ്ങ ഒരു ഭാഗ്യപ്പക്ഷി ആയിമാറി. മൂങ്ങയെ ഓടിച്ചിട്ട് രണ്ടാമത് ഷോട്ട് എടുത്തെങ്കില്‍ പടം പൊട്ടി പാളീസ് ആയിപ്പോകുമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത് . അങ്ങനെ കുറെ സിനിമകളില്‍ ആദ്യത്തെ ഷോട്ടില്‍ മൂങ്ങയെ പറത്തി വിടുക ഒരു ആചാരമായി മാറി. എന്ത് ചെയ്താലും വിജയമാണ് നമുക്ക് വേണ്ടത്. എവിടെയെങ്കിലും ഒരു മൂങ്ങ ഇരുന്നാല്‍ അവിടെ കൊണ്ടുവച്ച് ആദ്യ ഷോട്ട് എടുക്കുക, മൂങ്ങ പറന്നുപോയാല്‍ നിരാശ ആവുക, മൂങ്ങയെ പിടിച്ചുകൊണ്ടുവരിക ഇത്തരത്തിലാണ് പിന്നീട് കാര്യങ്ങള്‍ പോയത്. ഒരു പടത്തിന്റെ ഷൂട്ടിങ് വരെ മാറ്റിവച്ചു. കാരണം അന്വേഷിച്ചപ്പോള്‍ മൂങ്ങ എത്തിയിട്ടില്ല, മൂങ്ങയെ പിടിക്കാന്‍ ഇടുക്കിയില്‍ പോയിരിക്കുകയാണ് എന്നാണ് പറഞ്ഞത്. മൂങ്ങയെ പറത്തിയ പടങ്ങള്‍ പരാജയപ്പെടുമ്പോള്‍, ആ മൂങ്ങ കൊള്ളില്ല, നല്ല ഐശ്വര്യമുള്ള മൂങ്ങ വേണം എന്നുവരെ പറയാന്‍ തുടങ്ങി.’- മുകേഷ് പറയുന്നു.
മൂങ്ങയുടെ ഭാഗ്യപ്പ ക്ഷി സ്ഥാനം കൈമോശം വന്നത് എങ്ങനെയെന്നും മുകേഷ് വ്യക്തമാക്കുന്നുണ്ട്. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഇന്‍ഹരിഹര്‍ നഗറിന്റെ ഷൂട്ടിനു ഇടയിലായിരുന്നു അത്. ‘ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോകുന്ന സീന്‍ ആണ് ആദ്യമെടുക്കുന്നത്. ആലുവയുടെ അടുത്താണ് ലൊക്കേഷന്‍. ഒരു വളവു തിരിഞ്ഞതും എന്തോ വന്നു കാറില്‍ ഇടിച്ചു. കാര്‍ നിര്‍ത്തി നോക്കിയപ്പോള്‍ ഒരു മൂങ്ങ താഴെ ചത്ത് കിടക്കുന്നു. എല്ലാവരും മുഖത്തോടുമുഖം നോക്കുകയാണ്. മൂങ്ങയെ പറത്തി സിനിമ വിജയിച്ചിട്ട് ഇരിക്കയാണ് ഇനിയിപ്പോ മൂങ്ങയെ കൊന്നിട്ട് ഈ ഫസ്റ്റ് ഷോട്ട് എങ്ങനെ എടുക്കും. ഭയങ്കര മൂകത അവിടെ നിറഞ്ഞു. ഈ മൂങ്ങയുടെ പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടോ, ഇത് ദൈവം വിട്ടതാണോ എന്നൊക്കെയായി ചര്‍ച്ച.
ഞാന്‍ പറഞ്ഞു, ഷൂട്ടിങ് മാറ്റിവച്ചാലോ? മൂങ്ങ ഒക്കെ അവിടെ കിടക്കട്ടെ നമുക്ക് ഷൂട്ടിങ് തുടരാം എന്നായിരുന്നു നിര്‍മാതാവിന്റെ അഭിപ്രായം. ഞാന്‍ പറഞ്ഞു, ആദ്യ പടം മൂങ്ങ ഉള്ളതുകൊണ്ടാണ് വിജയിച്ചത്. ഇതിപ്പോ മൂങ്ങ ഇല്ലായിരുന്നെങ്കിലും ഓക്കേ. പക്ഷേ മൂങ്ങയെ കൊന്നിട്ട് എങ്ങനെ ആദ്യ ഷോട്ട് എടുക്കും. എന്തായാലും ഷൂട്ടിങ് തുടരാന്‍ തീരുമാനിച്ചു. പക്ഷേ ആര്‍ക്കും സന്തോഷമില്ല. ഇടയ്ക്കിടെ ഓരോരുത്തര്‍ മൂങ്ങയുടെ കാര്യം എടുത്തിടും. ഷൂട്ടിങ് എല്ലാം തീര്‍ന്നു സിനിമ തിയറ്ററില്‍ വന്നു. ആദ്യ ദിവസം തന്നെ ഹരിഹര്‍ നഗര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ആയി ഓടി.
ഹരിഹര്‍ നഗര്‍ സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ ഔട്ടായ ഒരാളുണ്ട് അതാണ് മൂങ്ങ. അതായത് ഇതിലൊന്നും ഒരു കാര്യവുമില്ല. നല്ല കഥയും സംവിധാനവും അഭിനയ മുഹൂര്‍ത്തങ്ങളും ഒക്കെയാണ് പ്രധാനം അല്ലാതെ, മൂങ്ങയല്ല എന്ന് മലയാള സിനിമ തിരിച്ചറിഞ്ഞ ഒരു ദിവസമായിരുന്നു അത്. ‘- മുകേഷ് പറഞ്ഞു.
നടന്‍ ജനാര്‍ദ്ദനനെ വച്ച് ആദ്യ ഷോട്ട് എടുത്താൽ സിനിമ വിജയിക്കുമെന്ന വിശ്വാസവും സിനിമാക്കാർക്കിടയിലുണ്ടെന്നും മുകേഷ് പറയുന്നു. അദ്ദേഹത്തെ വച്ച് ആദ്യ ഷോട്ടെടുത്ത രണ്ട് മൂന്ന് സിനിമകള്‍ വിജയിച്ചുകഴിഞ്ഞപ്പോഴാണ് ഇത് പ്രചരിക്കാന്‍ തുടങ്ങിയത്. ചില സിനിമകളില്‍ വേഷമില്ലാഞ്ഞിട്ടു കൂടി ആദ്യ ഷോട്ട് എടുക്കാന്‍ മാത്രം അദ്ദേഹത്തിന് റോളുകള്‍ നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു.
Post Your Comments