CinemaGeneralIndian CinemaLatest News

കാനിൽ ഇന്ത്യയ്ക്ക് അഭിമാനമായി റോക്കട്രി ദ നമ്പി ഇഫക്റ്റിന്റെ ആദ്യ പ്രദർശനം: മലയാളത്തിൽ നിന്ന് നിറയെ തത്തകളുള്ള മരം

എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാനമായി ആറ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ആർ മാധവൻ ഒരുക്കുന്ന റോക്കട്രി : ദ നമ്പി ഇഫക്റ്റിന്റെ ആദ്യ പ്രദര്‍ശനവും കാൻ ചലച്ചിത്രമേളയിൽ നടക്കും. മത്സരവിഭാഗത്തിൽ ഇന്ത്യൻ സിനിമകൾ ഉണ്ടാകില്ല. എന്നാൽ, സ്പെഷ്യൽ സ്ട്രീമിങ് വിഭാഗത്തിൽ അടക്കം ഇന്ത്യൻ ചിത്രങ്ങളാണ് മുൻ പന്തിയിലുള്ളത്.

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് റോക്കട്രി ദ നമ്പി ഇഫക്റ്റ്. ആർ മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണനായെത്തുന്നത്. സിമ്രാനാണ് നായിക. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ ബഹുമതി നൽകിയിട്ടുണ്ട്. ആദ്യമായാണ് ഒരു രാജ്യത്തിന് ഇത്തരമൊരു ആദരവ് നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

മലയാളത്തിൽ നിന്ന് ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്ന ചിത്രം കാനിൽ പ്രദർശനത്തിനെത്തും. നാരായണൻ ചെറുപുഴയും മാസ്റ്റർ ആദിത്യനുമാണ് പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നത്. വിനു ആർ നാഥ് ആണ് ചിത്രം നിർമ്മിക്കുന്നത്. അചൽ മിശ്ര സംവിധാനം ധ്വുയ്ൻ എന്ന ചിത്രവും പ്രദർശിപ്പിക്കും. അഭിനവ് ഝായും ബിജയ് കുമാർസായും പ്രശാന്ത് റാണെയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ബൂംബ റൈഡ് എന്ന അസമീസ് ചിത്രമാണ് മേളയിലെ മറ്റൊരു ആകർഷണം. ബിശ്വജിത്ത് ബോറയും ലുയ്ത് കുമാർ ബർമനും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബ്രഹ്മപുത്ര തീരത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ ഏക വിദ്യാർത്ഥിയായ ബൂംബയുടെ കഥയാണ് ചിത്രം പറയുന്നത്.

ശങ്കർ ശ്രീകുമാറിന്റെ ആദ്യചിത്രമായ ആൽഫ ബീറ്റ ഗാ മനുഷ്യർ നേരിടുന്ന വിട്ടുപോകലിനെ കുറിച്ചാണ് പറയുന്നത്. നിഷാൻ, അമിത് കുമാർ വസിഷ്‍ഠ്, റീന അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മറാത്തി ചിത്രമായ ഗോദാവരിയാണ് മറ്റൊരു ഇന്ത്യൻ ചിത്രം. നിഖിൽ മഹാജൻ ആണ് സംവിധാനം. കുടുംബത്തിൽ നിന്ന് കുറേക്കാലമായി അകന്നു നിൽക്കുകയായിരുന്ന നിഷികാന്ത് ഒരിടവേളക്ക് തിരിച്ചെത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ജിതേന്ദ്ര ജോഷി, നീന കുൽക്കർണി, വിക്രം ഗോഖലെ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇത്തവണ കാനിൽ ജ്യൂറിയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

shortlink

Related Articles

Post Your Comments


Back to top button