താരസംഘടനയായ ‘അമ്മ’യുടെ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാൻ കഴിയില്ലെന്ന് നടൻ ഷമ്മി തിലകന്‍. ഇക്കാര്യം സംബന്ധിച്ച് താരം സമിതിക്ക് കത്ത് നല്‍കി. ഷൂട്ടിങ് തിരക്കുണ്ടെന്നാണ് നടന്റെ വിശദീകരണം. ‘അമ്മ‘ എക്‌സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ പകർത്തിയതിനാണ് നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു.
മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും, സംഘടനയിലെ ചിലർ നടനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെയാണ് തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടത്. ഇതേ തുടർന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് ഷമ്മി തിലകന് നോട്ടീസ് നല്‍കിയത്. നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും താരം കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. ഷമ്മി തിലകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ, തന്റെ പേര് പരാമര്‍ശിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു.
മീടൂ ആരോപണം നേരിട്ട വിജയ് ബാബുവിനെതിരായ നടപടിയുമായി ബന്ധപ്പെട്ട, ‘അമ്മ’യുടെ പത്രക്കുറിപ്പിലാണ് തന്റെ പേരും പരാമര്‍ശിച്ചതെന്നും, ഇതുമൂലം പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും തനിക്ക് അവമതിപ്പുണ്ടാക്കാനുമാണ് ശ്രമം നടന്നതെന്നുമായിരുന്നു നടന്‍ ആരോപിച്ചത്. പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയും, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്താനും ജനറൽ സെക്രട്ടറി തയ്യാറാകണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.
Post Your Comments