പതിനേഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം. സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചർ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് എലോണിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായത്.
ഇപ്പോളിതാ, മോഹൻലാൽ എലോണിന്റെ ഡബ്ബിങ്ങിനായി എത്തിയ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.’കണ്ണുകൾക്ക് കാണാൻ സാധിക്കാത്തവ നാവ് കൊണ്ട് വരച്ചു കാട്ടാൻ സാധിക്കും. ലാൽ എലോൺ ഡബ്ബിങ്ങിൽ ജോയിൻ ചെയ്തു. അയാളുടെ അനായാസത എല്ലാവർക്കും ഒരു പാഠപുസ്തകമാണ്’ എന്ന കുറിപ്പോടെയാണ് ഷാജി കൈലാസ് ഈ വിവരം പങ്കുവച്ചത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയിലാണ് താരം ഡബ്ബിംങ്ങിനായി എത്തിയത്.
മോഹൻലാൽ മാത്രമായിരിക്കും സിനിമയിലെ ഏക കഥാപാത്രം എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ചിത്രവുമായി ബന്ധപ്പെട്ട കൂടുതിൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്‌സ് നിർവഹിക്കും. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനർ. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയുമ സംഗീതം ജേക്‌സ് ബിജോയും നിർവ്വഹിക്കും.
Post Your Comments