ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ചിത്രമാണ് ഗംഗുഭായ് കത്തിയവാടി. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണിത്. ആലിയ ഭട്ടിന്റെ ആദ്യത്തെ ബൻസാലി ചിത്രം എന്ന പ്രത്യേകതയും ഗംഗുഭായ് കത്തിയവാടിക്കുണ്ട്. ബൻസാലി പ്രൊഡക്ഷൻസ്, പെൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സഞ്ജയ് ലീല ബൻസാലിയും ഡോ. ജയന്തിലാൽ ഗാഡയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കരീം ലാല എന്ന കഥാപാത്രമായി അജയ് ദേവ്ഗണും ചിത്രത്തിൽ എത്തിയിരുന്നു.
മുംബൈ കാമാത്തി പുരയിലെയും ചുവന്ന തെരുവിലെയും ലൈംഗിക തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിത കഥയാണ് ചിത്രം പറഞ്ഞത്. മാഫിയ ക്വീൻസ് ഓഫ് മുംബൈ; അഥവാ മുംബൈയിലെ അധോലോക റാണിമാർ എന്ന പേരിൽ ഹുസൈൻ സെയ്ദി 2011 ൽ പുറത്തിറക്കിയ പുസ്തകത്തിലൂടെയാണ് ഗംഗുഭായിയുടെ ജീവിതം ലോകം അറിയുന്നത്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമയും ഒരുക്കിയത്.
ചിത്രത്തിൽ ഗംഗുഭായ് ആയെത്തിയ ആലിയ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. ആലിയയുടെ അഭിനയം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ഇപ്പോളിതാ, നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ഗംഗുഭായ് കത്തിയവാടി. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ ഹിന്ദി പരിഭാഷയാണ്. അനിൽ കപൂറിനെ നായകനാക്കി രാജ് സിംഗ് ചൗധരി സംവിധാനം ചെയ്ത താർ ആണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനം 365 ഡേയ്സ്: ദിസ് ഡേ, അഞ്ചാം സ്ഥാനം ഹോളിവുഡ് ചിത്രം മിഷൻ ഇംപോസിബിൾ, ആറാം സ്ഥാനത്ത് അഭിഷേക് ബച്ചൻ നായകനായ ദസ്‌വി എന്നീ ചിത്രങ്ങൾ ആണ്.
Post Your Comments