![](/movie/wp-content/uploads/2022/05/k.jpg)
കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. മലയാളി താരങ്ങളായ നരേൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു. കമൽ ഹാസൻ എഴുതിയ വരികൾ ആലപിച്ചത് താരം തന്നെയായിരുന്നു. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ പാ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കമൽഹാസനൊപ്പം പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായാണ് പാ രഞ്ജിത്ത് പറഞ്ഞത്. വിരുമാണ്ടി പോലൊരു ചിത്രമായിരിക്കും ഒരുങ്ങുന്നതെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. ‘ എനിക്ക് കമൽഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. അത് ഉടൻ തന്നെ സംഭവിക്കും. വിരുമാണ്ടി എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. അതുപോലെ ഒരു ചിത്രം എടുക്കാനാണ് പ്ലാൻ. മധുര പശ്ചാത്തലമാക്കിയുള്ള ഒരു ഗ്രാമീണ ചിത്രമായിരിക്കും ഇത്’, പാ രഞ്ജിത്ത് പറഞ്ഞു.
സർപ്പാട്ട പരമ്പരൈ ആണ് പാ രഞ്ജിത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 1970കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ആര്യ ആയിരുന്നു നായകനായെത്തിയത്. പശുപതി, ജോൺ വിജയ്, ജോൺ കൊക്കൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തി.
Post Your Comments