CinemaGeneralLatest NewsMollywoodNEWS

മാനഹാനി ഉണ്ടാകും, മകനെതിരെയുള്ള വ്യാജ പീഡന പരാതിയിൽ കൃത്യമായ അന്വേഷണം വേണം: മുഖ്യമന്ത്രിയോട് മായ ബാബു

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. മകനെതിരായ വ്യാജ പരാതി സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ, മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതി നല്‍കി. മകനെതിരെ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു ആരോപിച്ചു. തന്റെ മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്.

‘എന്റെ അന്വേഷണത്തിലും എനിക്ക് ലഭിച്ച വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും മേൽവിവരിച്ച വ്യാജ പരാതി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘം സിനിമ പ്രവർത്തകരുടെ ഗൂഢാലോചനയുടെ ഭാഗമായി സത്യവിരുദ്ധമായി തയ്യാറാക്കിയിട്ടുള്ളതാണ് ഈ പരാതി. ഇത് സംബന്ധിച്ച് അന്വേഷണം വേണം’, വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Also Read:ജയറാമിന്റെ ചക്കി സിനിമയിലേക്ക്: വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നായികയായി അരങ്ങേറ്റം

സിനിമയിൽ അവസരം നൽകിയില്ല എന്ന വിരോധത്താലാണ് തന്റെ മകനെതിരെ നടി വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് മായ ആരോപിക്കുന്നത്. സിനിമ വ്യവസായ രംഗത്തുള്ള ഒരു കൂട്ടം പേർ ചേർന്ന് തയ്യാറാക്കിയ വ്യാജ കേസാണിതെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയിൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം തനിക്കും തന്റെ കുടുംബത്തിനും സമൂഹമധ്യേയുള്ള ആക്ഷേപത്തിനും മാനഹാനിക്കും ഇടവരുമെന്നും മായ ബാബു പറയുന്നു.

അതേസമയം, വിജയ് ബാബു യു.എ.ഇയിൽ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഇത് കണ്ടെത്താൻ കേരള പോലീസ് യു.എ.ഇ പോലീസിന് അറസ്റ് വാറന്റ് കൈമാറി. യു.എ.ഇ പോലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. കൂടാതെ വിജയ് ബാബുവിനെ കണ്ടെത്തിയാൽ ഉടൻ തന്നെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button