ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദൻ ഒരുക്കുന്ന ചിത്രമാണ് ‘ഉടൽ’. റിലീസിന് മുന്നേ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണിത്. ചിത്രത്തിന്റെ ടീസർ യൂട്യുബിൽ ട്രെൻഡിങ് ആയിരുന്നു. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 20നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.
ഇപ്പോളിതാ, മലയാളം പതിപ്പിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് ഭാഷകളുടെ പതിപ്പ് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസാണ് ഇക്കാര്യം അറിയിച്ചത്. ‘നിരവധി അന്യഭാഷാ നിർമ്മാതാക്കൾ ചിത്രത്തിന്റെ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാൽ, ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിർമ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്’, ഗോകുലം ഗോപാലൻ പറഞ്ഞു.
രതീഷ് രഘുനന്ദൻ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. മലയാളം പതിപ്പിന്റെ റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കും.
Post Your Comments