ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും അഭിപ്രായങ്ങളും വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. ഇപ്പോളിതാ, ബോളിവുഡ് താരങ്ങൾക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കങ്കണ. ബോളിവുഡ് താരങ്ങൾ പരസ്പരം സിനിമകളെ പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവഗണിക്കുകയാണെന്ന് താരം പറയുന്നത്. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നീ നടൻമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം.
കങ്കണയുടെ വാക്കുകൾ:
തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങൾക്ക് ബോളിവുഡിൽ വിലക്ക് ഭീഷണി വരെയുണ്ട്. ഞാൻ അഭിനേതാക്കളെ പിന്തുണയ്ക്കുന്നത് പോലെ അവർ എന്നെയും പിന്തുണയ്ക്കണമെന്നാണ് ഞാൻ കരുതുന്നത്. കശ്മീർ ഫയൽസിനെ ആദ്യം പ്രശംസിച്ചയാളാണ് ഞാൻ. ഞാൻ ഇതെല്ലാം പരസ്യമായാണ് ചെയ്യുന്നത്. ശാന്തമായ കോളുകളിലൂടെ അല്ല.
അജയ് ദേവ്ഗൺ ഒരിക്കലും എന്റെ സിനിമയെ പ്രൊമോട്ട് ചെയ്യില്ല. മറ്റുള്ളവരുടെ സിനിമകൾ ചെയ്യുമായിരിക്കും. അക്ഷയ് കുമാർ തന്നെ വിളിക്കും. ആരും കേൾക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നൊക്കെ പറയും. പക്ഷെ സിനിമയുടെ ട്രെയ്ലർ ട്വീറ്റ് ചെയ്യില്ല. അമിതാഭ് ബച്ചൻ തന്റെ പുതിയ ചിത്രം ധാക്കഡിന്റെ ടീസർ ട്വിറ്ററിൽ പങ്കുവെക്കുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ആക്ഷൻ സ്പൈ ത്രില്ലറായ ധാക്കഡാണ് കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
Post Your Comments