എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട നടി അറസ്റ്റിൽ. മറാത്തി നടി കേതകി ചിതാലെയെയാണ് താനെ പോലീസിന്റെ ക്രൈം ബ്രാഞ്ച് നവി മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. ശരദ് പവാറിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന് കാട്ടി നടിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോസ്റ്റിൽ പവാറിന്റെ കുടുംബപ്പേരും 80 വയസ്സും മാത്രമേ പരാമർശിച്ചിട്ടുള്ളൂ. പവാറിന് ഇപ്പോൾ 81 വയസ്സാണ്. ‘നരകം കാത്തിരിക്കുന്നു. നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു’ എന്നിങ്ങനെയുള്ള വാക്യങ്ങളാണ് പോസ്റ്റിലുള്ളത്. ശിവസേനക്കും കോൺഗ്രസിനുമൊപ്പം മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്ന പവാറിനെ പരാമർശിക്കുന്നതായിരുന്നു കുറിപ്പ് എന്നാണ് ആരോപണം.
കേതകി ചിതാലയെയും അവരുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റിനെ പറ്റിയും അറിയില്ലെന്നാണ് സംഭവത്തിൽ ശരദ് പവാർ പ്രതികരിച്ചത്. നടി പങ്കുവച്ച പോസ്റ്റ് മറ്റാരോ എഴുതിയതാണെന്നാണ് കരുതുന്നത്. എൻസിപി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂനെയിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments